പേരിനൊരു റോഡ്; മരണക്കെണിയായി ചൂണ്ടിയിലെ കുഴികൾ
text_fieldsആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചൂണ്ടി ഭാഗത്തെ കുഴി
ആലുവ: മഴ തുടങ്ങിയപ്പോൾതന്നെ ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റോഡിൽ ചൂണ്ടി ഭാഗത്ത് റോഡ് അപ്രത്യക്ഷമായ അവസ്ഥയിൽ. ആലുവ, പെരുമ്പാവൂർ, കിഴക്കമ്പലം റോഡുകൾ സംഗമിക്കുന്ന ചൂണ്ടി കവലയിൽ റോഡ് പാടെ തകർന്നു. വെള്ളം നിറഞ്ഞ കുഴികൾ മരണക്കെണിയായി. ഇവിടെ അപകടങ്ങൾ പതിവായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കുഴിയിൽ വീണ ഇരുചക്ര വാഹന യാത്രികരന് ഗുരുതര പരിക്കേറ്റു.
മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് പ്രധാന പ്രശ്നം. കാന അടഞ്ഞതും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന റോഡിന്റെ ഭാഗം ഉയരം കൂട്ടാത്തതുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. തിരക്കേറിയ പ്രദേശങ്ങളിലാണ് റോഡ് തകർന്നത്. ചൂണ്ടിയിലും സമീപങ്ങളിലും ടാറിങ് തകർന്നിട്ട് കാലങ്ങളായി. ചൂണ്ടി കവലയിലാണ് വലിയ ഗർത്തങ്ങളുള്ളത്. റോഡിന്റെ പകുതിഭാഗം തകർന്നിട്ട് മാസങ്ങളായി. മഴക്കാലത്ത് ഈ ഭാഗത്ത് റോഡ് തകരുന്നത് പതിവാണ്. പരാതികൾ രൂക്ഷമാകുമ്പോൾ താൽക്കാലികമായി ടാർ ചെയ്യുമെങ്കിലും വീണ്ടും കുഴി രൂപപ്പെടും.
ചെറിയ തോതിൽ കുഴികൾ രൂപപ്പെട്ടപ്പോൾ മുതൽ ടാറിങ് നടത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യമുന്നയിച്ചിരുന്നു. കവലയുടെ ഒരുഭാഗം പെരിയാർ വാലി കനാലാണ്.
റോഡിനും കനാലിനും ഇടയിലുള്ള പുറമ്പോക്ക് കൈയേറി ഷെഡുകളും കെട്ടിടങ്ങളും നിറഞ്ഞിട്ട് വർഷങ്ങളായി. ഇതെല്ലാം ഒഴിവാക്കി, കാന നിർമിച്ച് കവല വികസിപ്പിച്ചാൽ മാത്രമേ ശാശ്വത പരിഹാരമാവൂ. വിഷയത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ മൗനം പാലിക്കുകയാണന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദീർഘദൂര യാത്രക്കാരെയും വലക്കുന്നു
ചൂണ്ടി കവലയിലെ റോഡ് തകർച്ച ദീർഘദൂര യാത്രക്കാരെയും വലക്കുന്നു. ജില്ലയുടെ കിഴക്കൻ മേഖലകൾ, മൂന്നാർ, കട്ടപ്പന തുടങ്ങി ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് പ്രദേശങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് എറണാകുളത്തേക്കുള്ള ബസുകളടക്കം നിരവധി സ്വകാര്യ ബസുകളാണ് ഈ വഴി പോകുന്നത്.
കണ്ടെയ്നർ അടക്കം വലിയ ലോറികൾ, സ്കൂൾ, കോളജ് വാഹനങ്ങൾ തുടങ്ങി ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്നുണ്ട്. കവലക്ക് വികസനമില്ലാത്തതിനാലും കൈയേറ്റം മൂലവും ഗതാഗതക്കുരുക്ക് പതിവാണ്. അതിനിടെയാണ് റോഡ് തകർച്ച. ഇതുമൂലം വാഹനങ്ങൾ ഈ ഭാഗത്ത് ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്.
കളമശ്ശേരി മെഡിക്കൽ കോളജ്, രാജഗിരി തുടങ്ങിയ ആശുപത്രികളിലേക്ക് നിരവധി രോഗികളാണ് ഈ റോഡിലൂടെ പോകുന്നത്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം രോഗികളും വലയുകയാണ്.