അതിജീവനത്തിന്റെ പാഠപുസ്തകം;121 വയസ്സ് പിന്നിട്ട് കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
text_fieldsകുട്ടമശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ
കീഴ്മാട്: ഗ്രാമത്തിന് അക്ഷരവെളിച്ചമേകി 121 വയസ്സ് പിന്നിട്ടിരിക്കുകയാണ് കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. കീഴ്മാട് പഞ്ചായത്തിലെ ഒരേയൊരു ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് 1904ൽ സ്ഥാപിതമായ ഈ വിദ്യാലയം. 121 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൽ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണുള്ളത്. എഴുനൂറോളം വിദ്യാർഥികൾ ഈ വർഷം ഇവിടെ പഠിക്കുന്നു.
1904ൽ ലോവർ പ്രൈമറി സ്കൂളായാണ് തുടക്കം. പിന്നീട് അപ്പർ പ്രൈമറിയായി ഉയർത്തി. 1980ൽ ഹൈസ്കൂളും 2014ൽ ഹയർ സെക്കൻഡറിയുമായി. കല്ലറക്കൽ കർത്താക്കൻമാരുടെ കുടുംബമാണ് സ്കൂളിന് ഭൂമി വിട്ടുനൽകിയത്.
എല്ലാ നിലയിലും മികവ് പുലർത്തുന്ന ഈ വിദ്യാലയം സർക്കാർ മേഖലയിൽ ജില്ലയിൽ തന്നെ മുൻപന്തിയിലാണ്. അധ്യാപകരുടെയും പി.ടി.എയുടെയും ശക്തമായ ഇടപെടൽ മൂലം അക്കാദമിക്, ഇതര മേഖലകളിൽ വിദ്യാർഥികൾ മികച്ച നിലവാരം പുലർത്തുന്നു. എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്, വിവിധ ക്ലബുകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 15 വർഷം തുടർച്ചയായി എസ്.എസ്.എൽ.സിക്ക് നൂറുശതമാനം വിജയം നിലനിർത്തുന്നു.
കലാ,കായിക, പ്രവൃത്തി പരിചയമേളകളിൽ വിദ്യാർഥികൾ അഭിമാനകരമായ നേട്ടം കൊയ്തു. 42 വിദ്യാർഥികൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ശീതീകരിച്ച ഐ.ടി ലാബ്, ഹൈടെക് സയൻസ് ലാബ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് പരിശീലനത്തിന് ആവശ്യമായ ടിങ്കറിങ് ലാബ്, ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ച സ്മാർട്ട് റൂം, 12 ഹൈടെക് ക്ലാസ് മുറികൾ, ചിൽഡ്രൻ പാർക്ക് തുടങ്ങിയവ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
മൂന്ന് വർഷമായി ജെ.കെ.എച്ച് ഫൗണ്ടേഷൻ സഹകരണത്തോടെ വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്നു. ഇൻഫോപാർക്ക് കേന്ദ്രമായ കെ.പി.എം.ജിയുടെ സഹകരണം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെസഹായകമായി. ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് ക്ലാസ് മുറികളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. പൂർവവിദ്യാർഥികളുടെ പിന്തുണയോടെ പാചകപ്പുര, ശിശുസൗഹൃദ ക്ലാസ് മുറികൾ, വാഷ് ഏരിയ എന്നിവയുടെ നവീകരണം യാഥാർഥ്യമാക്കി.


