ശിവരാത്രി ആഘോഷം ഇന്ന്
text_fieldsബലിതർപ്പണം നടക്കുന്ന ആലുവ മണപ്പുറവും കടവും
നഗരത്തിലും ദേശീയപാതയിലും ഗതാഗത നിയന്ത്രണം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരത്തിലും ദേശീയ പാതയിലും സമീപ റോഡുകളിലും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് നാലു മുതൽ 27ന് ഉച്ചക്ക് രണ്ടുവരെയാണ് നിയന്ത്രണം.
നിയന്ത്രണം ഇങ്ങനെ
- മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജി.സി.ഡി.എ റോഡുവഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണ്.
- മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം മൈതാനങ്ങൾ തയാറാക്കിയിട്ടുണ്ട്. (വൺവേ ട്രാഫിക് ആയിരിക്കും)
- മണപ്പുറം ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ പഴയ ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം (വൺവേ ആയിരിക്കും).
- തോട്ടക്കാട്ടുക്കര ജങ്ഷനിൽനിന്ന് മണപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല
- വരാപ്പുഴ, എടയാർ ഭാഗങ്ങളിൽനിന്നും ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ്, ആളുകളെ ഇറക്കിയശേഷം പറവൂർകവല യു.സി കോളജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം.
- അങ്കമാലി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയിൽ ആളെയിറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ്
- എറണാകുളം ഭാഗത്തുനിന്ന് എൻ.എച്ച് വഴി ആലുവക്ക് വരുന്ന പ്രൈവറ്റ്ക്സുകൾ പുളിഞ്ചോട് നിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി, പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് തിരികെ ബാങ്ക് ജങ്ഷൻ-ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്
- എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പുളിഞ്ചോടുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജങ്ഷൻ-ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണ്.
- പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ, പമ്പ് ജങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി , അവിടെ നിന്ന് തിരികെ സർവിസ് നടത്തണം
- പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുീകൾ ഡി.പി.ഒ ജങ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്ന് തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവിസ് റോഡിലൂടെ പുളിഞ്ചോട് ജങ്ഷനിലെത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ പമ്പ് ജങ്ഷൻ വഴി തിരികെ പോകേണ്ടതാണ്
- ബുധനാഴ്ച രാത്രി എട്ടുമുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ ഗതാഗതം അനുവദിക്കില്ല
- ബുധനാഴ്ച രാത്രി എട്ടുമുതൽ എൻ.എച്ച് ഭാഗത്തുനിന്ന് ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജങ്ഷനിൽ എത്തി കാരോത്തുകുഴി, ഗവ. ഹോസ്പിറ്റൽ വഴി പോകേണ്ടതാണ്
- പെരുമ്പാവൂർ ഭാഗത്തുനിന്നും ടൗൺ വഴി ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജങ്ഷൻ, സീനത്ത്, സി.പി.ഒ ജങ്ഷൻ, ഗവ. ഹോസ്പിറ്റൽ ജങ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്
- ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല
- ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽനിന്ന് മണപ്പുറത്തേക്ക് കടത്തുവഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല
- 26ന് രാത്രി 10 മുതൽ 27ന് പകൽ 10വരെ തൃശൂർ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ എല്ലാം അങ്കമാലിയിൽനിന്ന് എം.സി റോഡിലൂടെ അതത് സ്ഥലങ്ങളിലേക്ക് പോകണം
- എറണാകുളത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കളമശ്ശേരിയിൽനിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജങ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.
നഗരവും മണപ്പുറവും പൊലീസ് വലയത്തിൽ
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് നഗരത്തിലും മണപ്പുറത്തും സുരക്ഷ വലയം തീർത്ത് റൂറൽ ജില്ല പൊലീസ്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുള്ളത്.
ശിവരാത്രി മണപ്പുറത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. പെരിയാറിൽ പൊലീസിന്റെ നേതൃത്വത്തിൽ ലൈഫ് ബാഗ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ പട്രോളിങ് നടത്തും. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസിനെ വിന്യസിക്കും.
ആലുവ മണപ്പുറത്ത് പൊലീസ് സുരക്ഷക്കായി ഒരുക്കിയ വാച്ച് ടവർ
മണപ്പുറത്തെ ഒരുക്കം വിലയിരുത്തി
ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തെ അവസാന ഘട്ട ഒരുക്കം അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പെരിയാറിൽ ജലനിരപ്പ് കുറവായതുമൂലം മാലിന്യം അടിഞ്ഞിരിക്കുകയാണ്. ഡാമിൽനിന്ന് ആവശ്യമായ ജലം പെരിയാറിലേക്ക് ഒഴിക്കുവിടണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു. അവലോകനത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന, ദേവസ്വം ഡെപ്യൂട്ടി കമീഷണർ ശ്രീലത, ദേവസ്വം വിജിലൻസ് എസ്.പി വി. സുനിൽ കുമാർ, നഗരസഭ വൈസ് ചെയർപേഴ്സൻ ഷൈജി ജോളി, സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസ്സൈൻ, എം.പി. സൈമൺ തുടങ്ങിയവർ പങ്കെടുത്തു.