പതിറ്റാണ്ടുകൾക്കിപ്പുറവും സേട്ട് പള്ളിയിലെ ജീരകക്കഞ്ഞിക്ക് ആവശ്യക്കാരേറെ
text_fieldsആലുവ സേട്ട് പള്ളിയിൽ നോമ്പുതുറക്കുള്ള ജീരകക്കഞ്ഞി തയാറാക്കുന്നു
ആലുവ: പതിറ്റാണ്ടുകൾക്കിപ്പുറവും ആലുവ സേട്ട് പള്ളിയിലെ ജീരകക്കഞ്ഞി രുചിക്കാനെത്തുന്നവർ ഏറെയാണ്. റമദാനായാൽ പലരുടേയും മനസ്സിലേക്ക് ഓടിയെത്തുന്നത് സേട്ട് പള്ളിയിലെ നോമ്പുതുറക്ക് ഒരുക്കുന്ന ഏറെ ഔഷധഗുണമുള്ള സ്പെഷൽ ജീരക കഞ്ഞിയാണ്.
അതിനാൽ തന്നെ കഞ്ഞികുടിക്കാൻ മാത്രം കാലങ്ങളായി വിവിധ നാടുകളിൽനിന്ന് ഇവിടെ നോമ്പു തുറക്കാനെത്തുന്നവർ ധാരാളം. സേട്ട് പള്ളിക്ക് നൂറു വർഷത്തോളം പഴക്കമുണ്ട്. പള്ളിയിലെ കഞ്ഞി പെരുമക്കും ഏകദേശം അത്രതന്നെ പഴക്കമുണ്ട്. വർഷങ്ങളായി കഞ്ഞി തയാറാക്കുന്ന കുഞ്ഞുണ്ണിക്കര സ്വദേശി എം.എം. അബ്ദുൽ ഹമീദാണ് ഇത്തവണയും പാചകത്തിന് നേതൃത്വം നൽകുന്നത്. എം.എ. അബ്ദുൽ സലാമും ഒപ്പമുണ്ട്.
അരി, തേങ്ങ, ഉലുവ, ആശാളി, ജീരകം, ഉള്ളി, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾ തുടങ്ങിയ വസ്തുക്കളാണ് ആവശ്യം. ഗുണനിലവാരമുള്ള ഐ.ആർ.എട്ട് പച്ചരിയാണ് ഉപയോഗിക്കുന്നത്. ആശാളി മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നല്ലതാണ്. ഉലുവ രക്തം ശുചീകരിക്കാനും സഹായിക്കും.
ഗുണനിലവാരത്തിലും പാചക രീതികളിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ഇവിടെ കഞ്ഞി തയാറാക്കുന്നത്. നോമ്പുകാരന്റെ വയറിനൊപ്പം മനസ്സും നിറക്കാൻ കഴിയുന്നതിനാണ് പ്രഥമ പരിഗണന. നിത്യേന മുന്നൂറിനും നാനൂറിനും ഇടയിൽ ആളുകൾക്കാണ് കഞ്ഞിയുണ്ടാക്കുന്നത്. കൂടുതൽ സമയം തിളക്കുന്തോറും കഞ്ഞിയുടെ രുചി കൂടും. അതിനാൽ തന്നെ നാലുമണിക്കൂർ മുമ്പേ പാചകം ആരംഭിക്കും. പാകമായി കഴിഞ്ഞ ശേഷം രണ്ട് മണിക്കൂറോളം അടുപ്പിൽ തന്നെ വെക്കും.
ഇത് രുചിയും ഗുണനിലവാരവും കൂടാൻ സഹായിക്കും. മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡൻറ് പി.കെ.എ. കരീം, സെക്രട്ടറി പി.എ. അബ്ദുൽ സമദ്, ഇഫ്താർ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ കുട്ടി (അന്ത്രുട്ടി), അബ്ദുൽ ഖാദർ പേരയിൽ, മിർസ ഖാലിദ്, അബ്ദുൽ ഹമീദ്, സാബു പരിയാരത്ത് തുടങ്ങിയവരാണ് നോമ്പുതുറയടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഞ്ഞിക്ക് പുറമെ ഈത്തപ്പഴം, ചായ, സമൂസ എന്നിവയും അടങ്ങുന്നതാണ് ഇവിടത്തെ നോമ്പുതുറ വിഭവങ്ങൾ. ചില ദിവസങ്ങളിൽ പത്തിരി, ഇറച്ചി, ബിരിയാണി എന്നിവയും ഉണ്ടാകാറുണ്ട്.