കനത്ത മഴ; കരകവിഞ്ഞ് പെരിയാർ, തീരങ്ങളിൽ ആശങ്ക
text_fieldsചെങ്ങമനാട് പഞ്ചായത്ത് നാലാം വാർഡിലെ പനയക്കടവ്-പുതുവാശ്ശേരി റോഡിൽ വെള്ളം കയറിയപ്പോൾ
ആലുവ: മഴ കനത്ത് പെരിയാറിൽ വെള്ളം ഉയർന്നത് തീരങ്ങളിൽ ആശങ്ക പടർത്തുന്നു. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഹൈറേഞ്ചിൽ മഴ ശക്തമായതാണ് ഒരു രാത്രി കൊണ്ട് പെരിയാർ കരകവിയാൻ ഇടയാക്കിയത്. പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരങ്ങൾ ആശങ്കയിലാണ്.
പെരിയാർ തീരത്തെ താഴ്ന്ന ഭാഗങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കലങ്ങിമറിഞ്ഞ് ശക്തമായാണ് പുഴ ഒഴുകുന്നത്. ബുധനാഴ്ച് വൈകുന്നേരം മുതലാണ് നീരൊഴുക്ക് ശക്തമായത്. രാത്രിയോടെ തീരങ്ങളിലേക്ക് വെള്ളം കയറി തുടങ്ങി.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് വൻതോതിൽ വെള്ളം കയറിയത്. ഇതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും പൂർണമായും മുങ്ങി. ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണയാണ് ക്ഷേത്രം മുങ്ങുന്നത്. ഇക്കഴിഞ്ഞ 16 നാണ് ഇതിനു മുമ്പ് ക്ഷേത്രം വെള്ളത്തിനടിയിലായത്. പെരിയാറിന്റെ കരയിലെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിൽ നിന്നുള്ള നീരൊഴുക്കിനൊപ്പം ജില്ലയിൽ പെയ്യുന്ന കനത്ത മഴയും ജലനിരപ്പ് ഉയരാൻ കാരണമായി. പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ പല ഭാഗങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. പല പ്രദേശങ്ങളിലും കൃഷി നാശമുണ്ടായിട്ടുണ്ട്. പുഴയോട് ചേർന്ന കൃഷിയിടങ്ങളിലേക്ക് പുഴ കരകവിഞ്ഞത് വലിയ നഷ്ടങ്ങൾക്കിടയാക്കി.
മഴ കനത്തതോടെ പെയ്ത്ത് വെള്ളം ഒഴുകിപ്പോകാതെ പല പഞ്ചായത്തുകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതോടെ വീടുകളും വെള്ളത്തിലായി. ആലുവ ജലശുചീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് അറിയുന്നതിന് സ്ഥാപിച്ച സ്കെയിലിൽ ജലനിരപ്പ് വളരെ കൂടിയ അളവിലാണ് കാണിച്ചത്. സാധാരണ നിലയിൽ സമുദ്ര നിരപ്പിൽ നിന്ന് 30 സെൻറീ മീറ്റർ ഉയരത്തിലാണ് പുഴ ഒഴുകുന്നത്.
1.7 മീറ്ററാകുമ്പോഴേക്കും മണപ്പുറത്ത് വെള്ളം കയറുമെന്നാണ് കണക്ക്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ ജലനിരപ്പ് 3.4 മീറ്ററായി ഉയർന്നിരുന്നു. എന്നാൽ, ഉച്ചയോടെ 3.3 മീറ്ററായി താഴ്ന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെ മണപ്പുറം ക്ഷേത്രത്തിന്റെ മുകൾഭാഗം വരെ വെള്ളത്തിൽ മുങ്ങി. ആഴ്ച്ചകളായി പലപ്പോഴും തീരത്തോട് തൊട്ടുനിൽക്കുന്ന അവസ്ഥയിലായിരുന്നു പുഴ.
വൈകുന്നേരങ്ങളിൽ വേലിയേറ്റ സമയത്ത്, മണപ്പുറം ക്ഷേത്രത്തിൽ നിന്ന് വെള്ളം ഒഴുകിപോകാനുള്ള കാനവഴി പുഴയിൽ നിന്ന് ക്ഷേത്ര മുറ്റത്തേക്ക് വെള്ളം കയറാറുണ്ടായിരുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കുറച്ച് അടി കൂടി വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കൂടുതൽ കയറാനുള്ള സാധ്യതയുണ്ട്. പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും മറ്റു താഴ്ന്ന ഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.