ആലുവ റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിങ് ദുരിതം സൃഷ്ടിക്കുന്നു
text_fieldsതിങ്കളാഴ്ച രാത്രിയുണ്ടായ മഴയിൽ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കടക്കുന്ന ഭാഗത്ത് അനുഭവപ്പെട്ട കനത്ത വെള്ളക്കെട്ട്
ആലുവ: റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിങ് ദുരിതമാകുന്നതായി ആക്ഷേപം. സ്റ്റേഷൻ പരിസരത്ത് ഏത് സമയവും തിക്കും തിരക്കും ഗതാഗതക്കുരുക്കും പതിവാണ്. അനധികൃത പാർക്കിങ്ങും കൈയേറ്റവുമാണ് ദുരിതത്തിന് ഇടയാക്കുന്നത്. യാത്രക്കാർ പൊറുതിമുട്ടുമ്പോഴും അധികൃതർ മൗനത്തിലാണെന്നാണ് ആരോപണം.
ദീപാവലി ദിനമായ തിങ്കളാഴ്ച വൈകീട്ട് അങ്ങേയറ്റത്തെ ദുരിതമാണ് റെയിൽവേ യാത്രക്കാർക്ക് സമ്മാനിച്ചത്. അവധി കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികൾ ഉൾപ്പെടെ കനത്ത മഴയിൽ കുടുങ്ങിയ കാഴ്ച അധികാരികൾ കണ്ടില്ലെന്ന് നടിച്ചു. പൊലീസോ റയിൽവേ ഉദ്യോഗസ്ഥരോ തിരിഞ്ഞുനോക്കിയില്ല.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ റയിൽവേ കെട്ടിടത്തോട് ചേർന്ന് പടിഞ്ഞാറ് ഭാഗവും കിഴക്കു ഭാഗവും പാർക്കിങ് കരാർ എടുത്തവർ കൈയേറി വഴി തടസ്സപ്പെടുത്തി പാർക്കിങ് ചെയ്യിച്ച് പ്രീമിയം പാർക്കിങ് എന്ന നിരക്കിൽ ഫീസ് വാങ്ങുകയാണ്. ഇത് നിയമവിരുദ്ധമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. പ്രീമിയം പാർക്കിങ് സ്ഥലം വേറെ ബോർഡ് വച്ചു തിരിച്ചിട്ടുണ്ട്. അനധികൃത പാർക്കിങ് മൂലം ആകെയുള്ള സഞ്ചാര സ്ഥലം കൂടി കൈയേറിയിരിക്കുകയാണ്.
ഇതിനെതിരെ റയിൽവേ അധികാരികൾക്കും എം.പി, എം.എൽ.എ എന്നിവർക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് യാത്രക്കാർ. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ മഴയെ തുടർന്നുള്ള വെള്ളക്കെട്ടും ദുരിതം ഇരട്ടിയാക്കി. 15 മിനിറ്റോളം നീണ്ട ശക്തമായ മഴയിൽ റെയിൽവേ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കടക്കുന്ന ഭാഗത്ത് കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. വാഹന തിരക്കുകൾക്കിടയിൽ വെള്ളക്കെട്ട് കൂടിയായതോടെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു.


