ആലുവ മേഖലയിൽ പകർച്ചപ്പനികൾ പടരുന്നു
text_fieldsആലുവ: മേഖലയിൽ പകർച്ചപ്പനികൾ പടരുന്നു. പന്നിപ്പനിയും ഡെങ്കിയടക്കമുള്ള മറ്റു പനികളും മഞ്ഞപ്പിത്തവും വയറിളക്കവും പലഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്. പകർച്ചപ്പനിയായ ഇൻഫ്ലുവൻസ-എയും സമീപകാലത്തായി കണ്ടുവരുന്നുണ്ട്. ഇതിന്റെ വകഭേദങ്ങളായ എച്ച് വൺ എൻ വൺ, എച്ച് ത്രീ എൻ ടു എന്നിവയും പടരുന്നു. പന്നിപ്പനിയെന്ന എച്ച് വൺ എൻ വൺ കോളജ് വിദ്യാർഥികളിലാണ് സമീപനാളുകളിൽ കൂടുതലായി കണ്ടുവരുന്നത്. ഹോസ്റ്റലുകളിൽ നിന്നാണ് ഇവ കൂടുതലായും പടർന്നതെന്നാണ് കണക്കാക്കുന്നത്.
പന്നിപ്പനി വ്യാപനത്തെതുടർന്ന് ആലുവ യു.സി കോളജ്, ചുണ്ടിയിലെ ഭാരതമാത ലോ കോളജ്, ആർട്സ് കോളജ് എന്നിവ അടച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ യു.സി കോളജ് അടച്ചത്. മൂന്ന് വിദ്യാർഥിനികൾക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതേതുടർന്നാണ് കോളജ് അടച്ചത്. പിന്നീട് മറ്റൊരു വിദ്യാർഥിനിക്കും പന്നിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
നിലവിൽ യു.സിയിൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. പന്നിപ്പനിയെ തുടർന്ന് ചൂണ്ടിയിലെ ഭാരതമാത കോളജുകൾ തിങ്കളാഴ്ചയാണ് അടച്ചത്. ലോ കോളജിലെ ഒരു വിദ്യാർഥിക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മുന്നു പെൺകുട്ടികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ ഉണ്ട്. തിങ്കളാഴ്ച രാവിലെയാണ് പന്നിപ്പനിയാണന്ന് സ്ഥിരീകരണം വന്നത്. ഇതേതുടർന്ന് ലോ കോളജ് അടക്കുകയായിരുന്നു. കോളജുകളുടെ പരിസരത്ത് നിരവധി പി.ജി ഹോസ്റ്റലുകളുണ്ട്. അവിടെനിന്ന് പനി പടരാനുള്ള സാധ്യത കൂടുതലാണ്. പുറമെയുള്ള പല ഹോസ്റ്റലുകളിലും ലോ കോളജ്, ആർട്സ് കോളജ് വിദ്യാർഥികൾ ഒരുമിച്ചാണ് താമസിക്കുന്നത്. അതിനാൽതന്നെ മുൻകരുതലെന്ന നിലയിൽ ആർട്സ് കോളജും അടക്കുകയായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് നിരവധി പേരാണ് നിത്യേന എത്തുന്നത്. ദിവസവും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്.
നഗരത്തിലെ ഗവ. ജില്ല ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിത്യേന ഒരുപാട് രോഗികൾ പനിയടക്കമുള്ള പകർച്ചവ്യാധികളുമായി ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരിൽ ഡെങ്കിയടക്കമുള്ള വൈറൽപനിക്കാരും ഏറെയാണ്. നിരവധിയാളുകളെ പനി മൂലം വിവിധ ആശുപത്രികളിൽ അഡ്മിറ്റാക്കിയിട്ടുണ്ട്. പകർച്ച പനികൾക്കൊപ്പം കോവിഡ് മടങ്ങി വന്നുകൊണ്ടിരിക്കുന്നതിനാൽ ആശങ്ക കൂടുതലാണ്. സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കി വരുന്ന ഡ്രൈഡേ ദിനാചരണം കൃത്യതയോടെ നടപ്പാക്കിയാൽ ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകളെ നിയന്ത്രിക്കാനാകും.
എന്നാൽ, ഈ ദിനാചരണത്തോട് പൊതുസമൂഹം നല്ലനിലയിൽ പ്രതികരിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ആരോപിക്കുന്നത്. വീടുകൾക്കകത്ത് കുപ്പികളിൽ വെള്ളം നിറച്ച് മണിപ്ലാന്റ് വളർത്തുന്നത് ഈഡിസ് കൊതുകുകൾക്ക് വളരാനുള്ള എളുപ്പവഴിയാണ്. നാണയത്തുട്ടിനോളമുള്ള വെള്ളത്തുള്ളികളിലടക്കം ഇത്തരം കൊതുകുകൾ വളരും. ഫോഗിങ് വഴി പൂർണവളർച്ചയെത്തിയ കൊതുകുകളെ മാത്രമേ തുരത്താൻ കഴിയൂ.
വളർന്നുകൊണ്ടിരിക്കുന്ന അപകടകാരികളായ കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുന്നു. ചൂർണിക്കര, എടത്തല പഞ്ചായത്ത് പരിധികളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നത്. ജൂണിൽ ഈ പ്രദേശങ്ങളിൽ പത്തോളം രോഗികളുണ്ടായിരുന്നു.
ഇൻഫ്ലുവൻസ-എ കൂടുതൽ കുട്ടികളിൽ
ആലുവ: മേഖലയിൽ ഇൻഫ്ലുവൻസ എ രോഗികളെ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്കൂൾ വിദ്യാർഥികളിലാണ് ഈ പകർച്ചപ്പനി കൂടുതലായി കാണുന്നതെന്ന് നജാത്ത് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹ്യിദ്ദീൻ ഹിജാസ് പറഞ്ഞു. ഇത്തരം പകർച്ചപ്പനികൾ 60 വയസ്സിന് മുകളിലുള്ളവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയവരെ ഗുരുതരമായി ബാധിക്കാനിടയുണ്ട്.