വിത്തുൽപാദന കേന്ദ്രത്തിന് പുതിയ സോളാർ ഇലക്ട്രിക് ബോട്ട്
text_fieldsആലുവ തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിനായി നിർമിച്ച
സോളാർ - ഇലക്ട്രിക് ബോട്ട്
ആലുവ: സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടി സോളാർ - ഇലക്ട്രിക് ബോട്ട് തയ്യാറായി. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള, തുരുത്തിലെ സംസ്ഥാന കൃഷിവകുപ്പിന്റെ വിത്തുല്പാദന കേന്ദ്രത്തിനാണ് 15 പേർക്ക് യാത്ര ചെയ്യാവുന്ന സോളാർ ഇലക്ട്രിക് ബോട്ട് ലഭിച്ചത്.
കൊച്ചിൻ ഷിപ്പ് യാർഡിന്റെ 50 ലക്ഷം രൂപ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ബോട്ട് നിർമിച്ചത്. കരമാർഗം വഴിയില്ലാത്ത തുരുത്ത് ഫാമിൽ എത്തിച്ചേരാനുള്ള അസൗകര്യം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന്, കൃഷി മന്ത്രി പി. പ്രസാദ് മുൻകൈയെടുത്താണ് ബോട്ട് നിർമിക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയത്. 15 പേർക്ക് സഞ്ചരിക്കാവുന്ന എമറാൾഡ് എന്ന് പേരിട്ടിരിക്കുന്ന ബോട്ട് പൂർണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.
റെയിൽവേ ട്രാക്കിലൂടെ 15 മിനിറ്റ് നടന്നുമാത്രമേ ഫാമിൽ എത്താൻ കഴിയു. 2018ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, 25 വർഷം പഴക്കം ചെന്ന ബോട്ട് പ്രവർത്തിക്കാത്തതിനെ തുടർന്നാണ് ഫാമിന്റെ ദൈനം ദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന നിലയിൽ യാത്രാ പ്രശ്നം രൂക്ഷമായത്.
ഈ സാഹചര്യത്തിൽ പുതിയ സോളാർ ബോട്ട് ഫാമിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകും. ജില്ല പഞ്ചായത്ത് 30 ലക്ഷം ഉപയോഗിച്ച് ഫാമിന്റെ ശതാബ്ദി കവാടത്തിൽ ആരംഭിച്ചിട്ടുള്ള ബോട്ടുജെട്ടി നിർമാണം, 50 ലക്ഷം രൂപയുടെ വിവിധ അറ്റകുറ്റപ്പണികൾ, കൃഷിവകുപ്പിന്റെ ആർ.ഐ.ഡി.എഫ് പദ്ധതിക്ക് കീഴിലുള്ള ആറ് കോടിയുടെ തൂക്കുപാലം, ട്രെയിനിങ് സെന്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ കൂടി പൂർത്തീകരിക്കുന്നതോടെ ഫാം ടൂറിസം പ്രവർത്തനങ്ങളും പൂർണതോതിൽ ആരംഭിക്കാൻ കഴിയും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെയ് ആദ്യവാരത്തിൽ നടത്തുന്ന ഫാം ഫെസ്റ്റിന് കൂടുതൽ പൊതുജനങ്ങൾക്ക് എത്തിച്ചേരുന്നതിന് പുതിയ ബോട്ട് സർവ്വീസ് സഹായകരമാകുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും ഫാം സൂപ്രണ്ട് ലിസിമോൾ ജെ. വടക്കൂട്ടും ചൂണ്ടിക്കാട്ടി.
ബോട്ടിന്റെ ഉദ്ഘാടനം 27ന് രാവിലെ ഒമ്പതിന് കൃഷിമന്ത്രി പി. പ്രസാദ് ആലുവ ഫാമിൽ നിർവഹിക്കും.