ഓപറേഷൻ സൈ ഹണ്ട്; ജില്ലയിൽ 46 പേർ അറസ്റ്റിൽ
text_fieldsകൊച്ചി/ആലുവ: സൈബർ സമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിൽ അറസ്റ്റിലായത് 46 പേർ. റൂറൽ ജില്ലയിൽ 43 പേരും സിറ്റി പരിധിയിൽ മൂന്ന് പേരുമാണ് പിടിയിലായത്. സംഘടിത സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാന പൊലീസാണ് ഓപറേഷൻ സൈ ഹണ്ട് എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്.
റൂറലിൽ 102 ഇടത്ത് പരിശോധന
റൂറൽ ജില്ലയിൽ കൂടുതൽ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്ന് എട്ട് പേരെയും മൂവാറ്റുപുഴയിൽ നിന്ന് ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നാലുപേർ വീതവും, തടിയിട്ടപറമ്പിൽ മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തത്. റൂറൽ പരിധിയിൽ മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിൽ 36 ഇടങ്ങളിലും കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി. തട്ടിപ്പ് പണം ചെക്ക് വഴിയും എ.ടി.എം കാർഡുവഴിയും പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകക്ക് കൊടുത്തവരെയും വിൽപ്പന നടത്തിയവരെയും പിടികൂടുകയായിരുന്നു വ്യാപക റെയ്ഡിന്റെ പ്രധാന ലക്ഷ്യം.
വ്യാഴാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ അഞ്ച് സബ് ഡിവിഷനുകളിലായി മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വാടകക്ക് നൽകുന്നതും, വിൽക്കുന്നതും മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നതും സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത ഉണ്ടാകണമെന്ന് എസ്.പി പറഞ്ഞു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, സൈബർ പൊലീസ് ഇൻസ്പെക്ടർ വി.ആർ. ജഗദീഷ് എന്നിവർ പരിശോധനകൾ ഏകോപിപ്പിച്ചു.
തട്ടിയത് ലക്ഷങ്ങൾ
ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ ഏഴ് പ്രതികളാണ് മൂവാറ്റുപുഴയിൽ പിടിയിലായത്. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേകടവ് ഭാഗത്ത് ഏലിക്കാട്ട് വീട്ടിൽ അജ്നാസ് (35), മൂവാറ്റുപുഴ മുളവൂർ സ്വദേശി മംഗളാംകുഴി വീട്ടിൽ സജാദ് (20,) മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി കൊളത്താപ്പിള്ളി വീട്ടിൽ അർഷാദ് (20), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി പുത്തേത്ത് വീട്ടിൽ മുസ്തഫ ദാവൂദ് (22), മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി വലിയാലുങ്കൽ വീട്ടിൽ ഷെഫീസ് (35), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മാരിയിൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (20), മൂവാറ്റുപുഴ മുളവൂർ സ്വദേശി കറുകപ്പള്ളിയിൽ വീട്ടിൽ മുഹമ്മദ് ഷമീം (22) എന്നിവരെയാണ് മൂവാറ്റുപുഴ എസ്.എച്ച്.ഒ ബേസിൽ തോമസ്, ചോറ്റാനിക്കര എസ്എ.ച്ച്.ഒ ടോണി ജെ. മറ്റം, കൂത്താട്ടുകുളം എസ്.എച്ച്.ഒ സഞ്ജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ സാമ്പത്തിക ലാഭത്തിനുവേണ്ടി കമീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോതമംഗലത്ത് എട്ട് അറസ്റ്റ്
ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ എട്ട് പേർ പിടിയിൽ. നെല്ലിക്കുഴി പനയ്ക്കൽ മാഹിൻ മുഹമ്മദ് (19), നെല്ലിക്കുഴി ഇട്ടിക്കുടി ഷാമോൻ (32), വലിയപാറ അത്തിപ്പിള്ളിൽ അശ്വിൻ സന്തോഷ് (20), തൃക്കാരിയൂർ നെടുമ്പിള്ളിക്കുടി ആബേ ഷിജു (19), തങ്കളം കളത്തിൽ ഫായിസ് മുഹമ്മദ് (22), ചെറുവട്ടൂർ പാലിക്കൽ മാഹിൻ (23), ഇരുമലപ്പടി മുളമ്പേൽ തമീം അലിം (19), ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് യാസിന്റെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്ന് 2,97,000 രൂപ വന്നിട്ടുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.ടി. ബിജോയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
അക്കൗണ്ടിൽ പണമെത്തിയത് 24 തവണ
ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കാലടി മേഖലയിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. ശ്രീമൂലനഗരം പാറതെറ്റ തെക്കുംഭാഗം കാവലങ്ങാട്ടുതറ വീട്ടിൽ അനീഷാണ് (40) പിടിയിലായത്. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 24 തവണകളിലായി 76,38,601 രൂപ വന്നിട്ടുള്ളതായി കണ്ടെത്തി.
മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ അജ്മൽ, റെജിമോൻ, സി. പി.ഒമാരായ അഭിലാഷ്, അനൂപ്, നീതു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


