കെണിയായി മഴക്കുഴികൾ
text_fieldsആലുവ-മൂന്നാർ റോഡും എൻ.എ.ഡി റോഡും സംഗമിക്കുന്ന
കൊച്ചിൻ ബാങ്ക് കവലയിൽ റോഡ് തകർന്ന നിലയിൽ
ആലുവ: ആലുവ-മൂന്നാർ റോഡിലും എൻ.എ.ഡി റോഡിലും ദുരിതമായി കൊച്ചിൻ ബാങ്ക് കവലയിലെ മരണക്കുഴി. തിരക്കേറിയ ആലുവ-മൂന്നാർ റോഡാണ് തകർന്ന് കിടക്കുന്നത്. എൻ.എ.ഡി-മെഡിക്കൽ കോളജ് റോഡ് സംഗമിക്കുന്ന കവലയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. ചെറിയ കുഴികൾ അടക്കാൻ നടത്തിയ പണികളാണ് പ്രശ്നമായതെന്ന് ആക്ഷേപമുണ്ട്.
ചെറിയ കുഴികൾ അടക്കാൻ 15 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ചിരുന്നു. റോഡ് നിരപ്പിൽനിന്ന് അര അടിയോളം ഉയരത്തിലാണ് കട്ട വിരിച്ചത്. ഇതോടെ ടാറിങും കട്ടയും ചേരുന്ന ഭാഗത്ത് വെള്ളക്കെട്ട് പതിവായി. ഇത് വലിയ കുഴികൾ രൂപപ്പെടാൻ കാരണമായി. കുറച്ചുമാറി എടയപ്പുറം റോഡ് സംഗമിക്കുന്ന ഭാഗത്തും കുഴികളാണ്.
മാസങ്ങൾക്ക് മുമ്പ് രണ്ടിടത്തും റെഡിമിക്സ് വിരിച്ച് താൽക്കാലികമായി കുഴിയടച്ചിരുന്നു. എന്നാൽ, മഴ ശക്തമായതോടെ മുമ്പത്തെക്കാൾ വലിയ കുഴികൾ രൂപപ്പെട്ടു. ഒരു കിലോ മീറ്റർ അകലെ ചൂണ്ടിയിലും വലിയ ഗർത്തങ്ങളുണ്ട്. കുഴിയിൽ ചാടിയ ബൈക്ക് അപകടത്തിൽപ്പെടുന്ന ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വിഷയത്തിൽ ഹൈകോടതി ഇടപെട്ടിരുന്നു. എന്നിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല.
റോഡിൽ കുഴികൾ മൂലം യാത്രക്കാർ ദുരിതത്തിലായിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ആലുവ പവർ ഹൗസ് മുതൽ എം.ഇ.എസ് കവല വരെ ആറ് കോടിയോളം രൂപ ചെലവിൽ ബി.എം-ബി.സി ടാറിങിന് ഭരണാനുമതി ലഭിച്ചതിനാലാണ് അറ്റകുറ്റപ്പണികൾ നടത്താത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആലുവ: റെയിൽവേ ഗേറ്റിലെ മരണക്കുഴികൾ ആലുവ-കാലടി റോഡിൽ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. പുറയാർ റെയിൽവേ ഗേറ്റിലാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഇരുചക്രവാഹന യാത്രക്കാരാണ് കുഴിയിൽ വീണത്. കുഴികൾ മൂലം റെയിൽവേ ഗേറ്റിൽ ഗതാഗതക്കുരുക്കും ഏറിയിട്ടുണ്ട്. വാഹനങ്ങൾ ഗേറ്റ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. പാളത്തിനിരുവശവുമുള്ള കോൺക്രീറ്റ് സ്ലാബുകളും ഇളകിയാടുകയാണ്. റെയിൽവേ ഗേറ്റിനുള്ളിലും പ്രവേശന ഭാഗത്തുമുള്ള കുഴികൾ അടച്ച് റീടാറിങ് നടത്തി സുരക്ഷ ഒരുക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.