സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം... ദുഃഖഭാരങ്ങളും പങ്കുവെക്കാം...
text_fieldsസഹപാഠിക്ക് നിർമിച്ച് നൽകുന്ന വീടിന് മുന്നിൽ ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങൾ
കൂട്ടത്തിലൊരാൾക്ക് സ്വന്തമായി കിടപ്പാടമില്ലാത്തതിന്റെ ദുരവസ്ഥയറിഞ്ഞ സഹപാഠികളും ക്ലാസ് ടീച്ചറും അവർക്കായി ‘സ്വപ്നക്കൂട്’ തീർത്തത് സ്നേഹവും കരുതലും ഇന്ധനമാക്കിയ കൂട്ടായ്മയുടെ കരുത്തിലാണ്. അച്ഛൻ നഷ്ടപ്പെട്ട മൂന്ന് പെണ്മക്കളും ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ മൂത്ത സഹോദരിയും; ഇവർക്കെല്ലാം ആശ്രയമായ ഒരു അമ്മ ഒറ്റക്ക് വളരെ കഷ്ടപ്പെട്ട് കുടുംബം പോറ്റിയത് ഇല്ലായ്മകളോട് പടവെട്ടിയാണ്. കുടുംബത്തിന്റെ അവസ്ഥ അടുത്തറിഞ്ഞ സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും സ്കൂൾ പി.ടി.എയും സംയുക്തമായി ഈ കുടുംബത്തിനൊരു കിടപ്പാടം ഒരുക്കാൻ സജീവമായി രംഗത്തിറങ്ങുകയായിരുന്നു
ആലുവ: പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികളുടെ നാല് ചുവരുകൾക്കുമപ്പുറമാണ് സഹജീവികളോടുള്ള കരുതലെന്ന് തെളിയിക്കുന്നു ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ സ്നേഹഭവനം. സഹപാഠിയോടുള്ള കരുതലും കാരുണ്യവും ഒരു വീടായി സാക്ഷാത്കരിക്കപ്പെടുമ്പോൾ ഒരു കൊച്ചു കുടുംബത്തിന്റെ വലിയൊരു സ്വപ്നം പൂവണിയുകയാണ്.
2023 അധ്യയന വർഷം തുടക്കത്തിലാണ് കൂട്ടത്തിലൊരാൾക്ക് സ്വന്തമായി കിടപ്പാടമില്ലാത്തതിന്റെ ദുരവസ്ഥ സഹപാഠികളും ക്ലാസ് ടീച്ചറും അടുത്തറിയുന്നത്. കോവിഡ് കാലത്ത് അച്ഛൻ നഷ്ടപ്പെട്ട മൂന്ന് പെണ്മക്കൾക്കും ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ മൂത്ത സഹോദരിക്കും ഏക ആശ്രയം അമ്മയായിരുന്നു. മൂത്ത മകളെ തനിച്ചാക്കി ജോലിക്ക് പോകാൻ ബുദ്ധിമുട്ടിയ അമ്മ വളരെ കഷ്ടപ്പെട്ടാണ് കുടുംബം പോറ്റിയത്. കുടുംബത്തിന്റെ അവസ്ഥ അടുത്തറിഞ്ഞ സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും സ്കൂൾ പി.ടി.എയും സംയുക്തമായി ഈ കുടുംബത്തിനൊരു കിടപ്പാടം ഒരുക്കാൻ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. 720 വിദ്യാർഥികളും 30ലധികം അധ്യാപക-അനധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയപ്പോൾ ഫണ്ട് സമാഹരണം പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായി. സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർഥമായി ഫണ്ട് സമാഹരണത്തിൽ പങ്കാളികളായി.
കീഴ്മാട് പഞ്ചായത്തിന് കീഴിൽ പ്രാഥമികാരോഗ്യാലയത്തിന് സമീപം മൂന്നര സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഇവിടെ വീട് നിർമിക്കുകയായിരുന്നു. സുമനസ്സുകളായ ഒട്ടനവധി പേരുടെ നിർലോഭ സഹകരണം കൊണ്ട് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് കുടുംബത്തിന് താക്കോൽ കൈമാറാനുള്ള തീവ്ര പരിശ്രമത്തിലാണ് ബന്ധപ്പെട്ടവർ. ഡോ. ടോണി ഫെർണാണ്ടസ്, വാർഡ് കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, മുൻ പ്രിൻസിപ്പൽ എം.ജി. റോസ എന്നിവർ രക്ഷാധികാരികളായും സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറും പ്രിൻസിപ്പൽ ഇൻ ചാർജുമായ ഷിബു ജോയ്, പി.ടി.എ പ്രസിഡന്റ് വി.എസ്. സതീശൻ, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.ടി. റെജി, എസ്.എം.സി. ചെയർമാൻ പി.ബി. റോണി, മദർ പി.ടി.എ ചെയർപേഴ്സൻ നൗഫിയ അബ്ദുൽ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.