സ്റ്റേഡിയം ടർഫാക്കൽ; നിർമാണവുമായി നഗരസഭ മുന്നോട്ട്, തടയാനുറച്ച് കായികപ്രേമികൾ
text_fieldsആലുവ നഗരസഭ സ്റ്റേഡിയം
ആലുവ: നഗരസഭ സ്റ്റേഡിയം ടർഫാക്കി നവീകരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിദം കൊഴുക്കുന്നു. സ്റ്റേഡിയം ടർഫാക്കി മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും കായികപ്രേമികൾ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവനകളിൽ ഒതുങ്ങിയിരുന്ന പോര് പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി പലതവണ പ്രത്യക്ഷ പ്രതിഷേധങ്ങളും അനുകൂല പ്രകടനങ്ങളും അരങ്ങേറിയിരുന്നു. ഇതിനിടയിൽ ടർഫ് നിർമാണവുമായി മുന്നോട്ട് പോകാനാണ് നഗരസഭ തീരുമാനം. നഗരസഭക്കകത്തും ഭരണപക്ഷമായ കോൺഗ്രസിനുള്ളിലും ഇതിനെതിരെ നീക്കങ്ങളുണ്ട്. എന്നിട്ടും അതിനെയെല്ലാം എതിർത്താണ് ഭരണപക്ഷം നിർമാണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ, എന്ത് വില കൊടുത്തും ഇതിനെ എതിർക്കാനാണ് കായികപ്രേമികളുടെ തീരുമാനം. സ്റ്റേഡിയം ടർഫ് ആക്കാനുള്ള തീരുമാനം അധികാരികൾ ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്നും ഗ്രൗണ്ട് സംരക്ഷണസമിതി അംഗങ്ങൾ അറിയിച്ചു. എന്നാൽ, മുനിസിപ്പൽ സ്റ്റേഡിയം എത്രയും വേഗം നിലവാരമുള്ള കൃത്രിമ ടർഫ് ചെയ്ത് വികസിപ്പിക്കണമെന്ന ആവശ്യവുമായി മുൻ അന്തർദേശീയ, ദേശീയ, സംസ്ഥാന, പ്രാദേശിക ഫുട്ബാൾ താരങ്ങളും രംഗത്തുണ്ട്.
പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും കായിക വിനോദത്തിനും വ്യായാമത്തിനും പരിശീലനത്തിനും മത്സരങ്ങൾക്കും ആശ്രയിക്കുന്നത് മുനിസിപ്പൽ സ്റ്റേഡിയത്തെയാണ്. ജില്ല, ഉപജില്ല, ഫുട്ബാൾ മത്സരങ്ങൾ മുതൽ വിവിധ വിദ്യാലയങ്ങളുടെ സ്പോർട്സ് മീറ്റ് ഉൾപ്പെടെ നടക്കുന്നത് ഈ ഗ്രൗണ്ടിലാണ്. മുനിസിപ്പൽ ഗ്രൗണ്ടിലെ പ്രകൃതിദത്ത പുൽത്തകിടി മാറ്റി സിന്തറ്റിക് ടർഫ് പാകി ഫുട്ബാളിന് മാത്രമായി ഉപയോഗിക്കാനാണ് നഗരസഭ നീക്കമെന്ന് കായികപ്രേമികൾ ആരോപിക്കുന്നു. എം.പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി ടർഫ് ആക്കാനുള്ള നീക്കത്തെ രാഷ്ട്രീയത്തിന് അതീതമായി കായിക പ്രേമികൾ എതിർക്കുകയാണ്.
നിർമാണോദ്ഘാടനം ഇന്ന്
ആലുവ: നഗരസഭ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ടര്‍ഫിന്റെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ. ജോണ്‍ അധ്യക്ഷത വഹിക്കും. എന്നാൽ, നിർമാണോദ്ഘാടനമടക്കം തടയാനാണ് കായികപ്രേമികളുടെ നീക്കം. ജെബി മേത്തര്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ചാണ് ടര്‍ഫ് നിര്‍മാണം.


