ഫ്ലാറ്റിൽ മോഷണം; നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
text_fieldsമനീഷ് കുമാർ ദാസ്, ഷിബു സഹാനി
ആലുവ: കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ മോഷണം നടത്തിയ കേസിൽ നേപ്പാൾ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. നേപ്പാൾ മൊറാംഗ് വിരാട്നഗർ സ്വദേശികളായ ഷിബു സഹാനി (31), മനീഷ് കുമാർ ദാസ് (24) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ഹരിയാന സ്വദേശിയായ ബെൻസലിന്റെ മൂന്നാംനിലയിലെ ഫ്ലാറ്റിൽ മോഷണം നടന്നിരുന്നു.
ഏപ്രിൽ 12 മുതൽ 22 വരെയുള്ള പത്തുദിവസം ബൻസലിനും കുടുംബവും മുംബൈയിൽ വിവാഹത്തിനായി പോയിരിക്കുകയായിരുന്നു. 22ന് രാത്രി തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മൂന്നുലക്ഷം രൂപയും എട്ടുപവനോളം സ്വർണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു. തുടർന്ന് ആലുവ പൊലീസിൽ പരാതി നൽകി.
ഒരുവർഷമായി ബൻസലിന്റെ ഫ്ലാറ്റിൽ നേപ്പാൾ സ്വദേശിയായ ഷിബു സഹാനി ജോലി ചെയ്യുന്നുണ്ടായിരുന്നു. ബൻസലിനും കുടുംബവും തിരികെവന്നപ്പോൾ ഷിബുവിനെ കാണാനില്ലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരു ജോലി കിട്ടി ബംഗളൂരുവിലാണെന്ന് പറഞ്ഞ് ഫോൺ സ്വിച്ഓഫ് ചെയ്തു.
രണ്ട് എസ്.ഐമാർ ഉൾപ്പെടെ പൊലീസ് സംഘം 20 ദിവസത്തോളമായി ബിഹാർ, മഹാരാഷ്ട്ര, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. തുടർന്ന് ഷിബു സഹാനിയെ ഹരിയാനയിലെ ഇന്ദ്രിയിൽനിന്നും മനുഷ് കുമാർ ദാസിനെ മഹാരാഷ്ട്രയിലെ സാവന്തവാടിയിൽനിന്നും പിടികൂടി. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓടിക്കളയാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും അന്വേഷണസംഘം വേഷംമാറി താമസിച്ചാണ് ഇവരെ കണ്ടെത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ 1,60,000 രൂപയുടെ ഫോൺ ഇവരിൽനിന്ന് കണ്ടെത്തി. ലഹരി ഉപയോഗത്തിനും ആഡംബരജീവിതം നയിക്കുന്നതിനുമാണ് ഇവർ പണം ഉപയോഗിച്ചത്.
ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, എൻ.പി. മധു, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, എം. ശ്രീകാന്ത്, മുഹമ്മദ് ഷാഹിൻ, അരവിന്ദ് വിജയൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.