സ്ഥിരം വിപണിയോ മെച്ചപ്പെട്ട വിലയോ ഇല്ല; മൺപാത്ര നിർമാണ മേഖല പ്രതിസന്ധിയിൽ
text_fieldsമൺപാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
ആലുവ: മൺപാത്രം നിർമിക്കാനുള്ള മണ്ണിന്റെ ദൗർലഭ്യം മൂലം പരമ്പരാഗത മൺപാത്ര നിർമാണ മേഖല പ്രതിസന്ധിയിൽ. നാട്ടിൽനിന്ന് ആവശ്യത്തിന് കളിമണ്ണ് എടുക്കാനാകുന്നില്ല. ഉൽപന്നങ്ങൾക്ക് സ്ഥിരം വിപണിയോ മെച്ചപ്പെട്ട വിലയോ ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കീഴ്മാട്, വാഴക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ പരമ്പരാഗതമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെടുന്ന വേളാർ സമുദായക്കാരുണ്ട്. കീഴമാട്, എഴിപ്രം പാടശേഖരങ്ങളിലെ കളിമണ്ണ് പാത്രനിർമാണത്തിന് അനുയോജ്യമാണ്. എന്നാൽ, മണ്ണ് കിട്ടാത്തതുകാരണം പലരും തൊഴിലിൽനിന്ന് മാറിനിൽക്കുകയാണ്. മുമ്പ് കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിൽ കളിമണ്ണ് ഖനനം നടത്തിയിരുന്നു. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള മണ്ണ് കിട്ടിയിരുന്നു.
ഇന്ന് മണ്ണെടുക്കാൻ ധാരാളം പാടശേഖരങ്ങൾ ഉണ്ടെങ്കിലും മണ്ണ് ഖനനത്തിന് നിയന്ത്രണമുള്ളത് പ്രതികൂലമായി ബാധിക്കുകയാണ്. ഇപ്പോൾ മണ്ണ് കൊണ്ടുവരുന്നത് കർണാടക അടക്കം സംസ്ഥാനങ്ങളിൽനിന്നാണ്. അതിന് ഓരോ വർഷവും വിലകൂടുകയാണ്. പാത്രം ചുട്ടെടുക്കാനുള്ള ചെലവും വർധിച്ചിട്ടുണ്ട്. ചൂളക്ക് ആവശ്യമായ വയ്ക്കോൽ, വിറക് തുടങ്ങിയവക്കും വില വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വലിയ വിലകൊടുത്ത് മണ്ണ് വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടാണ് പലരും ഈ തൊഴിൽ ഉപേക്ഷിച്ചത്.
ഈ മേഖലയിലെ പ്രതിസന്ധി പല കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിട്ടു. മുൻകാലങ്ങളെ അപേക്ഷിച്ച് മൺപാത്രങ്ങൾക്ക് ആവശ്യക്കാർ വർധിച്ചപ്പോഴാണ് വേണ്ടത്ര നിർമാണം നടക്കാത്ത സ്ഥിതിയുള്ളത്. തണ്ണീർതട സംരക്ഷണ നിയമത്തിൽ പരമ്പരാഗത മൺപാത്ര നിർമാതാക്കൾക്ക് കളിമണ്ണ് വ്യവസ്ഥകൾക്ക് വിധേയമായി എടുക്കാനുള്ള അനുവാദം കൊടുത്താൽ മാത്രമേ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാവൂ. വർഷത്തിൽ രണ്ട് ലോഡ് കളിമണ്ണ് കൊണ്ടുപോകാമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും എവിടെനിന്ന് ഖനനം ചെയ്യാമെന്ന് പറയുന്നില്ല. മൺപാത്ര നിർമാണ കോർപറേഷൻ രൂപവത്കരിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുണ്ട്.