മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കൾ പിടിയിൽ;പിടിയിലായത് ഡൽഹിയിൽ നിന്നെത്തിയ സംഘം
text_fieldsആരിഫ്, ഫൈസൽ
ആലുവ: മഴസമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പൊലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് ഫത്താപ്പൂർ ആരിഫ് (34), ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ (28) എന്നിവരെയാണ് ആലുവ പൊലീസ് തോട്ടക്കാട്ടുകരയിൽ െവച്ച് റോഡ് വളഞ്ഞ് പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചയാണ് ഇവർ ഡൽഹിയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. അവിടെ പാർക്ക് ചെയ്ത ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. അവിടെ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച് ചെങ്ങമനാട് ഭാഗത്തേക്ക് കടന്നു. അവിടെ പാലപ്രശേരി, മേക്കാട് എന്നിവിടങ്ങളിൽ മാല പൊട്ടിച്ചു. തുടർന്ന് നെടുമ്പാശേരിയിലെത്തി. അവിടെ ഒരാളുടെ മാല പൊട്ടിക്കുകയും ഒരു പൊട്ടിക്കൽ ശ്രമം നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ ഉടനെ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് ടീം നിരത്തിലിറങ്ങി. ഊടുവഴികളിലും മറ്റും അന്വേഷണം ഊർജിതമാക്കി. ഒടുവിൽ ആലുവ ഭാഗത്തേക്ക് വരികയായിരുന്ന മോഷ്ടാക്കളെ പിൻതുടർന്ന് തോട്ടക്കാട്ടുകരയിൽ വച്ച് വളഞ്ഞ് പിടിക്കുകയായിരുന്നു.
രണ്ടിടങ്ങളിൽ നിന്ന് ഇവർ പൊട്ടിച്ചെടുത്തത് മുക്കുപണ്ടങ്ങളായിരുന്നു. മോഷ്ടാക്കളുടെ ബാഗിൽ നിന്ന് കുരുമുളക് സ്പ്രേ, സ്വർണ്ണം തൂക്കുന്ന ത്രാസ്, വാഹനങ്ങൾ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പൊട്ടിച്ച സ്വർണവും കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ഇവർക്കെതിരെ വധശ്രമം, മാല പൊട്ടിക്കൽ തുടങ്ങി നിരവധി കേസുകളുണ്ട്. ജയിലിൽ വച്ചാണ് രണ്ടു പേരും പരിചയപ്പെട്ടത്. രാവിലെ വന്നിറങ്ങി മാലകൾ പൊട്ടിച്ച് രാത്രി തിരിച്ചു പോകാനായിരുന്നു മോഷ്ടാക്കളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.


