ആലുവ നിയോജകമണ്ഡലത്തിൽ ഉജ്വല വിജയം നേടി യു.ഡി.എഫ് തേരോട്ടം
text_fieldsആലുവ: ആലുവ നിയോജകമണ്ഡലത്തിൽ ഉജ്വല വിജയം നേടി യു.ഡി.എഫ് തേരോട്ടം. ആലുവ നഗരസഭയും പഞ്ചായത്തുകളും യു.ഡി.എഫ് തൂത്തുവാരി. ഭരണമുണ്ടായിരുന്ന പഞ്ചായത്തുകളിൽ അത് കൂടുതൽ കരുത്തോടെ നിലനിർത്തി. പ്രതിപക്ഷത്തായിരുന്ന പഞ്ചായത്തുകൾ തിരിച്ച് പിടിച്ചു. ആലുവ നഗരസഭയിൽ രണ്ടു സീറ്റ് കൂട്ടി 16 സീറ്റ് നേടി ഭരണം നിലനിർത്താനായി. കഴിഞ്ഞ തവണ ഏഴ് സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് ഒരു സീറ്റ് നഷ്ടമായി. ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ നേടാനായില്ല. യു.ഡി.എഫ് വിമതരും സ്വതന്ത്ര മുന്നണിയും കോൺഗ്രസ് വിജയത്തിന് തടസമായില്ല.
ചൂർണ്ണിക്കര പഞ്ചായത്തിൽ 21 സീറ്റിൽ 13 എണ്ണം നേടി ഭരണം നിലനിർത്തി. ഇവിടെ മൂന്ന് സീറ്റ് വർധിപ്പിക്കാനായി. ശ്രീമൂലനഗരം പഞ്ചായത്തിൽ 18 സീറ്റിൽ 16 എണ്ണവും നേടി വൻ ഭൂരിപക്ഷമുണ്ടാക്കി. ഏഴ് വാർഡാണ് അധികമായി നേടിയത്. കാഞ്ഞൂർ പഞ്ചായത്തിൽ 17 സീറ്റിൽ 10 എണ്ണം നേടി. ഒരെണ്ണം അധികമായി നേടിയാണ് ഭരണ തുടർച്ച ഉറപ്പാക്കിയത്. ത്രികോണ മത്സരം നടന്ന ചെങ്ങമനാട് പഞ്ചായത്തിൽ എട്ട് സീറ്റുകൾ നേടിയും ഭരണം നിലനിർത്താൻ സാധിച്ചു. പ്രതിപക്ഷത്തായിരുന്ന നെടുമ്പാശ്ശേരി പഞ്ചായത്തിൽ 20 സീറ്റിൽ 15 എണ്ണം നേടി ശക്തമായ തിരിച്ചുവരവ് നടത്തി.
എടത്തല പഞ്ചായത്തിൽ 24 സീറ്റിൽ 14 എണ്ണം നേടിയും കീഴ്മാട് പഞ്ചായത്തിൽ 22 സീറ്റിൽ 14 എണ്ണം നേടിയും ഭരണം തിരിച്ചുപിടിച്ചു. ആലുവ നിയോജക മണ്ഡലത്തിലുൾപ്പെട്ട കീഴ്മാട്, എടത്തല, അത്താണി, കാലടി, കറുകുറ്റി എന്നീ അഞ്ചു ജില്ല പഞ്ചായത്ത് സീറ്റുകളിലും വിജയം നേടി. നിയോജക മണ്ഡലത്തിലുൾപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ ഒന്നൊഴികെ മറ്റെല്ലാ സീറ്റുകളിലും വിജയിച്ചു. വാഴക്കുളം, പാറക്കടവ് എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ തിരിച്ചു പിടിക്കാനുമായി. ആലുവ മണ്ഡലത്തിലെ യു.ഡി.എഫിന്റെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.


