1300ഓളം ചെരുപ്പുകളിൽനിന്ന് പിറവിയെടുത്തത് മത്സ്യരൂപം
text_fieldsആലുവ മണപ്പുറത്ത് കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ
ഭാഗമായി ശുചിത്വ മിഷനുമായി ചേർന്ന് തയാറാക്കിയ മത്സ്യരൂപം
ആലുവ: പെരിയാർ ശുചീകരണഭാഗമായി 1300 ഓളം പഴയ ചെരുപ്പുകളിൽ നിന്ന് രൂപം കൊണ്ടത് മത്സ്യം. മണപ്പുറത്ത് ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തുന്നതിനാണ് ശുചിത്വ മിഷനുമായി ചേർന്ന് ഇത് തയ്യാറാക്കിയത്. പുഴയിൽ നിന്ന് കിട്ടിയ 1300ഓളം പഴയ ചെരിപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. പുഴയിലെ മാലിന്യം നീക്കുന്നതിനിടെ കണ്ടെത്തിയ ചെരുപ്പുകൾ വൃത്തിയായി കഴുകിയാണ് മത്സ്യത്തിന്റെ രൂപം തയാറാക്കിയത്. ഇരുമ്പ് കമ്പി മീനിന്റെ രൂപത്തിൽ തയാറാക്കിയ ശേഷം അതിന്മേൽ ചെരുപ്പുകൾ കെട്ടിവെച്ച് പെയിന്റടിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ചിറകുഭാഗം ഉണ്ടാക്കിയത്. മത്സ്യവലയിലെ ഫ്ലോട്ടിങ് ബോയാണ് കണ്ണുകളായി മാറ്റിയിരിക്കുന്നത്. മാലിന്യങ്ങൾ പ്രകൃതിക്ക് ഗുണകരമാകുന്ന രീതിയിലേക്ക് മാറ്റാനുള്ള പ്രചോദനമാണ് മീനിന്റെ രൂപകല്പനയിലൂടെ ലക്ഷ്യമിടുന്നത്. ആലുവ പുഴയിലേക്ക് പാലങ്ങളിൽ നിന്ന് വൻതോതിലാണ് ചാക്കിലാക്കി പലരും മാലിന്യം വലിച്ചെറിയുന്നത്. മത്സ്യതൊഴിലാളികളുടെ വലയിൽ പലപ്പോഴും മാലിന്യം കുടുങ്ങാറുണ്ട്.