അങ്കമാലി ബൈപാസ്; ഭൂമിയുടെ ന്യായവില പുനർനിര്‍ണയം പൂര്‍ത്തിയായി
text_fieldsഅങ്കമാലി: നിര്‍ദിഷ്ട അങ്കമാലി ബൈപാസിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവില പുനർനിര്‍ണയം പൂര്‍ത്തിയായതായും, അതനുസരിച്ച് ഭൂവുടമകള്‍ക്ക് തുക ലഭ്യമാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്നും റോജി എം. ജോണ്‍ എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു. കറുകുറ്റി, അങ്കമാലി വില്ലേജുകളിലാണ് ബൈപാസിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത്.
എന്നാല്‍, അങ്കമാലി വില്ലേജില്‍ ഉള്‍പ്പെട്ട ബൈപ്പാസിനാവശ്യമായ ഭൂമി അങ്കമാലി വില്ലേജില്‍ ന്യായവില നിശ്ചയിച്ചതിലെ അപാകത മൂലം പുനർനിര്‍ണയിക്കണമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്പ്മെന്റ് കോര്പറേഷന് (ആര്.ബി.ഡി.സി.കെ) ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഏറ്റേടുക്കേണ്ടുന്ന ഭൂമിയുടെ പുതുക്കിയ ന്യായവില കരട് പ്രസിദ്ധീകരിച്ചതെന്നും പരാതികള്‍ ഉന്നയിക്കാനുള്ള സമയം അനുവദിച്ചതിന് ശേഷം അന്തിമമായ ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളതെന്നും റോജി ചൂണ്ടിക്കാട്ടി.
പുതുക്കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഭൂമിയുടെ ബേസിക് വാല്യുവേഷന് റിപ്പോര്‍ട്ടും (ബി.വി.ആര്), ഡീറ്റേയ്ല്ഡ് വാല്യു സ്റ്റേറ്റ്മെന്റും (ഡി.വി.എസ്) ജില്ല കലക്ടര്‍ മുഖാന്തരം ഉടന്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. ഇത് പ്രകാരം പൂര്‍ണമായ തുകയും കിഫ്ബി ജില്ല കലക്ടര്‍ മുഖാന്തിരം ഭൂവുടമകള്‍ക്ക് കൈമാറുകയും, ഭൂമി ഏറ്റെടുക്കുകയും ചെയ്യും.
തുക എത്രയും വേഗം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അങ്കമാലി വില്ലേജില്‍ ന്യായവില നിശ്ചയിച്ചതിലെ അപാകതകൾ സമഗ്രമായി പരിശോധിച്ച് പുനർനിര്‍ണയിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. മേയ് മാസത്തോടെ അങ്കമാലി വില്ലേജിലെ മുഴുവന്‍ ഭൂമിയുടെയും പുതുക്കിയ ന്യായവില കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഭൂവുടമകൾക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടാവുമെന്നും തുടര്‍ന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുമെന്നും റോജി പറഞ്ഞു.