‘ശങ്ക’ഒഴിവാക്കാൻ മാർഗമില്ല; അങ്കമാലി സ്വകാര്യ ബസ്സ്റ്റാൻഡ് ശൗചാലയം നോക്കുകുത്തി
text_fieldsഅങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ അടഞ്ഞ് കിടക്കുന്ന ശൗചാലയം
അങ്കമാലി: നഗരസഭ ബസ്സ്റ്റാൻഡിലെ രണ്ടിടത്തെ ശൗചാലയങ്ങൾ മാസങ്ങളായി പ്രവർത്തിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. സ്ത്രീ യാത്രക്കാരാണ് ഏറെ വലയുന്നത്. സ്റ്റാൻഡിന്റെ ആരംഭകാലഘട്ടത്തിൽ തെക്കുവശത്ത് പണിത ശൗചാലയങ്ങൾ പല ഘട്ടത്തിലായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
അതിനിടെ റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ബയോടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ബസ്സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽനിന്ന് വരുന്നവരും ബസ് ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ പ്രയാസപ്പെടുകയാണ്.
അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ രാത്രി സ്റ്റാൻഡിന്റെ പല ഭാഗത്തും മലമൂത്ര വിസർജനം നടത്തുന്നതിനാൽ പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്.
മഴക്കാലത്ത് കൊതുകുകളും ഈച്ചകളും പെരുകുന്നിനും പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനും കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. നഗരസഭയുടെ ‘ടേക് എ ബ്രേക്ക്’ പദ്ധതി പ്രകാരം മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാർക്ക് വിശ്രമകേന്ദ്രവും അതിനോട് ചേർന്ന് സൗകര്യപ്രദമായ ടോയ്ലറ്റുകളും പണിതെങ്കിലും സമീപത്തെ സ്വകാര്യ ഹോട്ടൽ ഉടമകളുടെ സൗകര്യം അനുസരിച്ചു മാത്രമേ തുറന്നു കൊടുക്കുന്നതെന്നാണ് ആക്ഷേപം.
വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും ഹോട്ടൽ തുറന്നു പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ ക്ലേശിക്കുകയാണ്. പണം നൽകി ഉപയോഗിക്കാവുന്ന തരത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന വൃത്തിയുള്ള ശൗചാലയങ്ങൾ ബസ് സ്റ്റാൻഡിൽ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.