അങ്കമാലി അർബൻ സംഘം വായ്പ തട്ടിപ്പ്; മുൻ ഭരണസമിതി അംഗം അറസ്റ്റിൽ
text_fieldsവി.ഡി. ടോമി
അങ്കമാലി: അർബൻ സഹകരണ സംഘത്തിലെ 115.8 കോടി രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗമായിരുന്ന വി.ഡി. ടോമി വടക്കുംഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. അങ്കമാലി കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഭരണസമിതി അംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, പി.വി. പൗലോസ്, മേരി ആന്റണി, രാജപ്പൻ നായർ, ലക്സി ജോയി, പി.സി. ടോമി, എൽസി വർഗീസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വായ്പകൾ അനുവദിക്കാനും വ്യാജ രേഖകൾ ചമക്കാനും വസ്തു മൂല്യം അധികമാക്കി കാണിക്കാനും നേതൃത്വം നൽകിയ ഭരണസമിതി അംഗങ്ങളിൽ പ്രധാനിയായിരുന്നു ടോമി.
2022ൽ 81 കോടിയുടെ 324 വ്യാജ വായ്പകളിലും 2023ൽ 74.25 കോടിയുടെ വ്യാജ വായ്പകളിലും വി.ഡി. ടോമി ഒപ്പിട്ടതായി ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരമാർശിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായിരുന്ന പരേതനായ പി.ടി. പോളിന്റെ ഭാര്യ എൽസി പോളിനെയും കോടികളുടെ വ്യാജ വായ്പ തരപ്പെടുത്തിക്കൊടുത്ത ഉദ്യോഗസ്ഥരായിരുന്ന സെക്രട്ടറി ബിജു കെ. ജോസിനെയും അക്കൗണ്ടന്റ് കെ.ഐ. ഷിജുവിനെയും തുടക്കത്തിൽതന്നെ അറസ്റ്റ് ചെയ്തിരുന്നു.
പി.ടി. പോൾ മരിച്ചതോടെയാണ് സംഘത്തിലെ വൻ തട്ടിപ്പ് പുറത്തുവന്നത്. സംഘത്തിൽനിന്ന് 96 കോടി രൂപയാണ് വ്യാജ വായ്പകൾ നൽകി പി.ടി. പോളും ഭൂമാഫിയ സംഘവും ചേർന്ന് തട്ടിയെടുത്തതെന്നാണ് കേസ്.
ഭരണസമിതി അംഗമായിരുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതോടൊപ്പം തട്ടിപ്പ് നടത്തിയവരുടെ സ്വത്തുകൾ ലേലം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.