അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ തട്ടിപ്പ്; ലക്സി ജോയിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
text_fieldsലക്സി ജോയി
അങ്കമാലി: 96 കോടിയുടെ തട്ടിപ്പ് നടന്ന അങ്കമാലി അര്‍ബന്‍ സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ലക്സി ജോയിയെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ലക്സി ജോയിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. മേയ് അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. ഡയറക്ടര്‍ ബോർഡ് അംഗങ്ങളായിരുന്ന ടി.പി. ജോര്‍ജ്, ദേവസി മാടന്, രാജപ്പന് നായര്‍, പി.വി. പൗലോസ്, മേരി ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
അറസ്റ്റിലായ ലക്സി ജോയി അങ്കമാലി മുനിസിപ്പല്‍ 24ാം വാര്‍ഡ് കൗണ്‍സിലറും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമാണ്. ഈ സംഘത്തിന്റെ പണം മുഴുവനും വ്യാജ ലോണ്‍ വഴി തിരിമറി നടത്തിയ മുന്‍ പ്രസിഡന്റ് പി.ടി. പോള്‍ മരിച്ചതിനെത്തുടര്‍ന്നാണ് ലോണ്‍ തട്ടിപ്പ് പുറത്തുവരുന്നത്. സംഘത്തിന്റെ 96 കോടിയോളം രൂപ വ്യാജ ലോണ്‍ വഴി പി.ടി. പോളും ഭൂമാഫിയ സംഘവും ചേര്‍ന്ന് തട്ടിച്ചു എന്നാണ് കേസ്.
ഇതോടെ സര്‍ക്കാറിന്റെ ഉറപ്പില്‍ സംഘത്തില്‍ പണം നിക്ഷേപിച്ചവര്‍ പ്രതിസന്ധിയിലായി. തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്കിയവരില് പ്രധാന പങ്കുവഹിച്ച രണ്ട് ജീവനക്കാരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പ്രമാണങ്ങളും മറ്റും നല്കി കോടികള്‍ ലോണെടുത്ത് സംഘത്തെ വഞ്ചിച്ചവര്‍ക്കെതിരെ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല.
ഈ സംഘത്തില്‍നിന്ന് വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് മാത്രം ഉള്‍ക്കൊള്ളിച്ചും പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിന്മേല് ഒരേ വീട്ടില്‍ താമസിക്കുന്ന നാലുപേരുടെവരെ പേരിലും മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നല്‍കിയിട്ടുണ്ട്. പുതിയ വ്യക്തികള്‍ക്ക് വ്യാജമായി അംഗത്വം നല്കി വായ്പ നല്കിയിട്ടുള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംഘത്തില്‍ കഴിഞ്ഞ മാര്‍ച്ച് വരെ 120 കോടി വായ്പ ബാക്കി നില്പുള്ളതില് 96 കോടിയുടേത് വ്യാജ വായ്പകള്‍ ആണ്. ഒന്നര വര്‍ഷമായിട്ടും നിക്ഷേപകരുടെ പണം തിരികെ നൽകിയിട്ടിെല്ലന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നിക്ഷേപക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.