നിലനിർത്താനും പിടിച്ചെടുക്കാനും പോരാട്ടം
text_fieldsഅങ്കമാലി: ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായി 1965ലാണ് അങ്കമാലി നിയമസഭ മണ്ഡലം രൂപവത്കരിക്കപ്പെട്ടത്. മുന്നണി ബന്ധങ്ങളുടെ മാറ്റത്തിനനുസൃതമായി ഇരുമുന്നണി സ്ഥാനാർഥികളും പല സന്ദർഭങ്ങളിൽ വിജയിച്ച മണ്ഡലമാണ് അങ്കമാലിയെങ്കിലും കൂടുതലും യു.ഡി.എഫിനെയാണ് തുണച്ചിട്ടുള്ളത്. അങ്കമാലി നഗരസഭയും, പാറക്കടവ്, കറുകുറ്റി, തുറവൂർ, മൂക്കന്നൂർ, മഞ്ഞപ്ര, കാലടി, മലയാറ്റൂർ-നീലേശ്വരം, അയ്യമ്പുഴ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം. അങ്കമാലി നഗരസഭയും, അയ്യമ്പുഴ ഒഴികെ ഏഴ് പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. അയ്യമ്പുഴയിൽ കുറഞ്ഞ സീറ്റിലാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.
പ്രതിപക്ഷമില്ലാതെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിനാണ്. ഒന്നരപതിറ്റാണ്ടോളമായി യു.ഡി.എഫാണ് മിക്ക പഞ്ചായത്തുകളും ഭരിച്ചിരുന്നത്. യു.ഡി.എഫിന് വേണ്ടി സിറ്റിങ് എം.എൽ.എ റോജി എം. ജോണിനെയാണ് മൂന്നാം തവണയും കളത്തിലിറക്കിയിട്ടുള്ളത്. എറണാകുളം പകരം നൽകി ജനതാദളിൽ നിന്ന് സി.പി.എം ഏറ്റെടുത്ത സീറ്റിൽ പെരുമ്പാവൂരിലെ മുൻ എം.എൽ.എ സാജു പോളാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ട്വന്റി 20ക്ക് എൻ.ഡി.എ നൽകിയ സീറ്റിൽ പ്രോമി കുര്യാക്കോസിനെയാണ് സ്ഥാനാർഥിയാക്കിയിട്ടുള്ളത്.
മുമ്പ് നടന്ന 11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏഴ് തവണ യു.ഡി.എഫും നാല് തവണ എൽ.ഡി.എഫും വിജയിച്ചു. വിവിധ കാലങ്ങളിലായി എൽ.ഡി.ഫിന് വേണ്ടി എ.പി. കുര്യൻ, അഡ്വ. ജോസ് തെറ്റയിൽ എന്നിവരും യു.ഡി.എഫിന് വേണ്ടി എം.വി. മാണി, പി.ജെ. ജോയി, റോജി എം. ജോൺ എന്നിവരുമാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 2016ലെ കന്നിയങ്കത്തിൽ കോൺഗ്രസിന്റെ റോജി എം. ജോൺ 9186 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജനതാദളിന്റെ ബെന്നി മൂഞ്ഞേലിയെ പരാജയപ്പെടുത്തി. 2021ൽ വീണ്ടും കളത്തിലിറങ്ങിയ റോജി ജനതാദളിലെ മുൻ മന്ത്രി കൂടിയായ അഡ്വ. ജോസ് തെറ്റയിലിനെ 15929 വോട്ടിന് തോൽപ്പിച്ചു.
2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സിനിമ താരം ഇന്നെസന്റിനെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. യു.ഡി.എഫിലെ ബെന്നി ബഹനാനേക്കാൾ 13863 വോട്ടുകൾ അങ്കമാലിയിൽ ഇന്നസെന്റിന് ലഭിച്ചു. എന്നാൽ, 2024ലെ ലോകസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബെന്നി ബഹനാന് എൽ.ഡി.എഫിലെ പ്രഫ. സി. രവീന്ദ്രനാഥിനേക്കാൾ 16867 വോട്ടുകൾ കൂടുതൽ ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന് അങ്കമാലിയിൽ ലഭിച്ചത് 13863 വോട്ടാണ്.
സർക്കാർ വിരുദ്ധ വികാരവും പ്രതിപക്ഷ ചേരിയിലായിരുന്നിട്ടും മണ്ഡലത്തിൽ നടപ്പാക്കാൻ സാധിച്ച പദ്ധതികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഭരണം നേടാനായതുമാണ് ഇത്തവണ യു.ഡി.എഫ് പ്രതീക്ഷ വെക്കുന്ന ഘടകങ്ങൾ. അതേസമയം, ചിലയിടങ്ങളിൽ പാർട്ടിയിലെ ചേരിപ്പോരും തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കം ഇനിയും പരിഹരിക്കാൻ കഴിയാത്തതും കോൺഗ്രസിന് തലവേദനയാണ്. അങ്കമാലി ബൈപാസ്, കാലടി സമാന്തരപാലം, ടൂറിസം സർക്യൂട്ട്, എം.സി. റോഡ് നാലുവരി പാതയാക്കൽ തുടങ്ങിയ പദ്ധതികൾ 10 വർഷം കിട്ടിയിട്ടും നടപ്പാക്കാനാകാത്തത് എം.എൽ.എയുടെ പരാജയമായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.
ക്ഷേമ പെൻഷൻ അടക്കമുള്ള സർക്കാർ പദ്ധതികൾ വോട്ടായി മാറുമെന്നാണ് ഇടത് കണക്കുകൂട്ടൽ. സമീപകാലത്ത് സജീവ രാഷ്ട്രീയത്തിലില്ലാതിരുന്ന സാജു പോളിനെ അങ്കമാലിയിൽ നിയോഗിച്ചതും അങ്കമാലിയിൽ നിന്നുള്ള സ്ഥാനാർഥികളെ അവഗണിച്ചതും ജനതാദളിൽ നിന്ന് സീറ്റ് പിടിച്ച് വാങ്ങിയെന്ന പ്രചാരണവും ഇടത് മുന്നണിക്ക് നേരെ വിമർശനമായി ഉയരുന്നുണ്ട്. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മൂന്ന് പതിറ്റാണ്ടായി ഇരുമുന്നണികളും പ്രഖ്യാപിക്കുന്ന ബൈപാസ് പദ്ധതി യാഥാർഥ്യമാകാത്തതാണ് മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. എം.സി റോഡിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി പുറമ്പോക്ക് കണ്ടെത്തിയും പൊന്നും വിലക്ക് സ്ഥലം ഏറ്റെടുത്തും എം.സി റോഡ് മൂന്ന് വരിപ്പാതയാക്കുമെന്ന പ്രഖ്യാപനം നടപ്പാകാത്തതും തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
റോജി (യു.ഡി.എഫ്)
തുടർച്ചയായി രണ്ട് തവണ അങ്കമാലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റോജി, കുന്നുകര സ്വദേശിയാണ്. മുല്ലൻമാടക്കൽ വീട്ടിൽ എം.വി. ജാൺ-എൽസമമ ദമ്പതികളുടെ മകനാണ്. 1982 മേയ് 20നാണ് ജനനം. ഭാര്യ: കാലടി മാണിക്യമംഗലം, പുളിയേലിപ്പടിയിൽ കോലഞ്ചേരി കുടുംബാംഗം ലിപ്സി പൗലോസ്( ഇന്റീരിയർ ഡിസൈനർ).
സാജു പോൾ (എൽ.ഡി.എഫ്)
മുൻ കോൺഗ്രസ് എം.എൽ.എ പി.ഐ. പൗലോസിന്റെ മകൻ. 1966 മേയ് എട്ടിന് ജനിച്ചു. 2001മുതൽ 2016 വരെ തുടർച്ചയായി മൂന്ന് തവണ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: പെരുമ്പാവൂർ രായമംഗലം പൊയ്ക്കാട്ടിൽ കുടുംബാംഗം ഷൈനി. മക്കൾ: സാറ, സൂസൺ, സോണ. മരുമകൻ: ബിനുവർഗീസ്. മാതാവ് സാറാമ്മ.
പ്രോമി കുര്യാക്കോസ് (എൻ.ഡി.എ)
അങ്കമാലി സ്വദേശി. 1982 ഫെബ്രുവരി 23ന് ജനനം. റിയാലിറ്റി ഷോയിലൂടേയും അഭിനയത്തിലൂടേയും ശ്രദ്ധേയനും അങ്കമാലിയിലെ അറിയപ്പെടുന്ന സംരംഭകനുമാണ്. ഭാര്യ: നിത പ്രോമി ( നടി, വ്ലോഗർ). മക്കൾ: റിച്ചാർഡ് പ്രോമി, എഡ്വിൻ പ്രോമി.


