അവഗണനയിൽ ഉലഞ്ഞ് കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ
text_fieldsഅങ്കമാലി: കാലങ്ങളായി വികസനം കാത്തുകിടക്കുന്ന എറണാകുളം-തൃശൂർ ജില്ലകളുടെ സാന്നിധ്യമുള്ള ദേശീയപാതയോട് ചേർന്ന ചെറിയ റെയിൽവേ സ്റ്റേഷനാണ് ‘കൊരട്ടി അങ്ങാടി’യെന്ന കൊരട്ടി റെയിൽവേ സ്റ്റേഷൻ. ജില്ല അതിർത്തിയായ അങ്കമാലി കറുകുറ്റി റെയിൽവേ സ്റ്റേഷന്റെയും ചാലക്കുടി റെയിൽവേ സ്റ്റേഷന്റെയും മധ്യേയുള്ള കൊരട്ടി സ്റ്റേഷൻ തൃശൂർ ജില്ലയിലെ തിരക്കേറിയ ഷൊർണൂർ - കൊച്ചിൻ ഹാർബർ സെക്ഷനിൽ ഉൾപ്പെടുന്നു.
1902 ജൂൺ രണ്ടിന് ആരംഭിച്ച സ്റ്റേഷന് ഇപ്പോഴും രണ്ട് പ്ലാറ്റ് ഫോം മാത്രമാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഫ്ലാഗ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഹാൾട്ട് സ്റ്റേഷനാണ്. കാലങ്ങളായി വികസനം എത്തിനോക്കാത്ത ഇവിടെ പ്രദേശത്തെ ജനകീയ സമിതി ഏറ്റെടുത്ത് ദൈനം ദിന പ്രവർത്തനങ്ങൾ നടത്തുന്നത് മൂലമാണ് കാട് മൂടി പോകാത്തത്. പണ്ട് പല ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും പൊടുന്നനെ പലതും റദ്ദാക്കി.
കൊരട്ടി ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക്, കേന്ദ്രസർക്കാർ പ്രസ്, നീറ്റ ജലാറ്റിൻ കമ്പനി, കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും, ഗവ. പോളിടെക്നിക് അടക്കമുള്ള കോളജുകളിലേക്കും ആശുപത്രികളിലേക്കും ഇരുജില്ലകളുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ അടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന സ്റ്റേഷനാണ് അനാഥത്വം പേറി അവഗണനയിൽ ഉലയുന്നത്. സംസ്ഥാനത്തെ പ്രധാന ഹാൾട്ട് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ വികസന പ്രതീക്ഷകളും മുരടിച്ചു.
ഇവിടെ അവസാനമായൊരു ട്രെയിൻ നിർത്തി യാത്രക്കാരെ കയറ്റിയത് കോവിഡ് കാലഘട്ടത്തിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ എക്സ്പ്രസുകളാക്കുകയും പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കുകയും ചെയ്തതാണ് കാരണം. ഒറ്റ ട്രെയിൻ പോലും നിർത്താറുമില്ല.
റെയിൽവേ സ്റ്റേഷൻ എന്ന പേരുമാത്രം മിച്ചം. ഇപ്പോൾ കയറാനോ ഇറങ്ങാനോ യാത്രക്കാരില്ല. അവർ ഏറെ ദൂരം താണ്ടി സമീപ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷൻ വികസന സമിതി മുൻകയ്യെടുത്താണ് വിശ്രമകേന്ദ്രം, ഇരിപ്പിടങ്ങൾ, ശുചിമുറി തുടങ്ങിയവ സ്റ്റേഷനിൽ ഒരുക്കിയത്.
കൊരട്ടി സ്റ്റേഷൻ ഫ്ലാഗ് സ്റ്റേഷനായി ഉയർത്തുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, പ്ലാറ്റ്ഫോമിന്റെ എണ്ണം വർധിപ്പിക്കുക, ഷെൽട്ടർ നിർമാണം നടത്തുക, ടിക്കറ്റ് കൗണ്ടർ കമ്പ്യൂട്ടർവത്കരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഏറെ നാളായി മുറവിളി ഉയരുന്നുണ്ടെങ്കിലും അധികാരികൾ ചെവികൊള്ളുന്നില്ലെന്നാണ് ആക്ഷേപം.