ബി.എം ആൻഡ് ബി.സി; ഇനി നവീകരിക്കാൻ 286.447 കിലോമീറ്റർ റോഡ്
text_fieldsകൊച്ചി: ജില്ലയിൽ മികച്ച നിലവാരത്തിൽ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചത് നിരവധി റോഡുകൾ. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 287.447 കിലോമീറ്റർ റോഡാണ് ഇനി ഇത്തരത്തിൽ നവീകരിക്കാനുള്ളത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഇത്രയും ദൂരം നവീകരണ പ്രവൃത്തി നടക്കാനുള്ളത്. ഫണ്ട് ലഭ്യതക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഘട്ടംഘട്ടമായി നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. ബി.എം ആൻഡ് ബി.സി ചെയ്യാത്ത പൊതുമരാമത്ത് വകുപ്പ് റോഡുകൾ നവീകരിക്കാൻ ബജറ്റിൽ തുകവകയിരുത്തുകയോ നോൺ പ്ലാൻ, നബാർഡ്, സി.ആർ.ഐ.എഫ്, നഗരവികസന പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. കിഫ്ബി പദ്ധതികൾ ഉൾപ്പെടുത്തിയും റോഡ് നവീകരണം നടത്തുന്നുണ്ട്.
ഈടുനിൽക്കാൻ ബി.എം ആൻഡ് ബി.സി
കൂടുതൽ കാലം ഈടുനിൽക്കുന്ന ബി.എം ആൻഡ് ബി.സി റോഡുകൾ നിർമിക്കാനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും നടപടി സ്വീകരിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാനപ്പെട്ട എല്ലാ റോഡുകളും മണ്ണിന്റെ ഘടന, ഭൂഗർഭ ജലനിരപ്പ്, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്ത് രൂപകൽപന ചെയ്ത് ദീർഘകാലം ഈടുനിൽക്കുന്ന ബി.എം ആൻഡ് ബി.സി പോലുള്ള നവീന രീതികൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡുകളിൽ അവയുടെ നിർമാണ രീതിക്കനുസരിച്ച് പരിപാലന കാലാവധി നിശ്ചയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ റോഡിന്റെ പരിപൂർണ സംരക്ഷണ ചുമതല കരാറുകാരനിൽ തന്നെ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ റോഡുകളും പോട്ട് ഹോൾ ഇല്ലാതെ സംരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തോടെ റണ്ണിങ് കോൺട്രാക്ട് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. അതുപ്രകാരം മഴക്കാലത്തിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് എസ്റ്റിമേറ്റ് തയാറാക്കാറുള്ളത്.
പ്ലാസ്റ്റിക് മുതൽ ജർമൻവിദ്യവരെ; റോഡുകൾക്കായി നവീന പദ്ധതികളും
ദീർഘകാലം ഈടുനിൽക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായ വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, ഗതാഗത തിരക്കുള്ള നഗരപാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
കൂടാതെ നിലവിലുള്ള റോഡ് കുഴിച്ചെടുത്ത് സിമന്റും പ്രത്യേകതരം പൾവറൈസും ചേർത്ത് കുഴച്ച് ഈ ഭാഗത്ത് തന്നെ പുനർനിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ഫുൾഡെപ്ത് റിക്ലമേഷൻ ടെക്നോളജി, ജർമൻ നിർമിത മില്ലിങ് യന്ത്രം ഉപയോഗിച്ചുള്ള കോൾഡ് ഇൻപ്ലേസ് റീസൈക്ലിങ് നിർമാണ രീതി എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
സ്വാഭാവിക റബർ, കയർ ഭൂവസ്ത്രം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് എന്നിവ റോഡ് നിർമാണത്തിന് ഉപയോഗിച്ചുവരുന്നുണ്ട്. സാങ്കേതികരംഗത്തെ നീവന ആശയങ്ങളെക്കുറിച്ച് ബോധവത്കരണം നൽകാനും കാര്യശേഷി വർധിപ്പിക്കാനുമായി ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടികളും ശിൽപശാലകളും സംഘടിപ്പിച്ച് വരികയും ചെയ്യുന്നുണ്ട്.