പറയാതെങ്ങനെ കാര്യങ്ങളറിയും?
text_fieldsഅങ്കമാലി-കുണ്ടന്നൂർ ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം (ഫയൽ ചിത്രം)
‘‘ചിലർ പറയും 2013ലെ നിയമപ്രകാരം മികച്ച നഷ്ടപരിഹാര പാക്കേജ് ലഭിക്കുമെന്ന്, ചിലർ പറയും 1956ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരമേ കിട്ടുകയുള്ളൂവെന്ന്... പത്ത് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ മറുപടി പറയുന്നത് പത്തു രീതിയിലാണ്. ആരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടത്, എന്താണ് ശരിക്കും സംഭവിക്കാൻ പോവുന്നത്. ഞങ്ങൾ ഇനി ആരെയാണ് സമീപിക്കേണ്ടത്...?’’ വീടും പുരയിടവും നഷ്ടമാവുന്ന സാധാരണക്കാരുടെ പരിദേവനമാണിത്.
ബൈപാസ് പദ്ധതിയുമായി എൻ.എച്ച്.എ.ഐയും ജില്ല ഭരണകൂടവും അതിവേഗം മുന്നോട്ടുപോവുമ്പോൾ ഇതേക്കുറിച്ചൊന്നും ഒരുവാക്കു പോലും തങ്ങളോട് പറയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിവസങ്ങൾക്കുമുമ്പ് കലക്ടറേറ്റിൽ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ പദ്ധതി കടന്നുപോവുന്ന മേഖലകളിലെ എം.പി, എം.എൽ.എമാർ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗം ഉണ്ടായിരുന്നു. എന്നാൽ, ഈ യോഗത്തിൽ പദ്ധതിക്കുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പരാതികളും പ്രശ്നങ്ങളും അറിയിക്കാനായി ഇക്കൂട്ടത്തിൽപെട്ട ഒരാളെപ്പോലും പങ്കെടുപ്പിക്കാത്തതിൽ ആക്ഷൻ കൗൺസിലിന് കടുത്ത പ്രതിഷേധമുണ്ട്. മാധ്യമവാർത്തകളിലൂടെയാണ് ഇത്തരമൊരു യോഗം നടന്ന കാര്യംപോലും എല്ലാവരുമറിഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചെങ്കിലും ദുരിതമനുഭവിക്കുന്ന തങ്ങളല്ലേ ഈ വിഷയത്തിൽ കൂടുതൽ പറയാൻ ഏറ്റവും അർഹരെന്ന് ഇവർ ചോദിക്കുമ്പോൾ അധികൃതർക്ക് മറുപടിയില്ല. ഇപ്പറഞ്ഞ എം.എൽ.എമാരാരും പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടാനിരിക്കുന്നവരോടും ഒരുവാക്ക് സംസാരിച്ചിട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്.
പ്രധാനമായും പദ്ധതിക്കുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്ന തങ്ങൾക്കു ലഭിക്കുക 2013ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണോ അതോ 1956ലെ നിയമാനുസൃത നഷ്ടപരിഹാരമാണോ എന്നാണ്. ഇത് ചോദിക്കുമ്പോൾ വില്ലേജ് ഓഫിസിലുള്ള ഉദ്യോഗസ്ഥരും താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരും എൻ.എച്ച്.എ.ഐ അധികൃതരും പലതാണ് പറയുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിക്കുന്നു. ഇതൊന്നും പോരാതെ സ്ഥലം ഏറ്റെടുക്കുമ്പോൾ മാത്രം 2013ലെ ആക്ടും വീട്, കെട്ടിടം ഉൾപ്പെടെ സ്വത്ത് ഏറ്റെടുക്കുമ്പോൾ 1956ലെ നിയമവുമാണ് ബാധകമാവുകയെന്ന വിശദീകരണവും ഇവർക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ അവശേഷിക്കുന്ന തുണ്ടുഭൂമി കൃത്യമായ ആകൃതിയും ഗുണവുമില്ലാതെ പ്രയോജനരഹിതമാവുമ്പോൾ ഇതിന് നഷ്ടപരിഹാരം തരുമോ, ഇല്ലെങ്കിൽ എന്തുചെയ്യും, ബഫർസോണാക്കി മാറ്റിയാൽ എന്തുചെയ്യും എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. ഉത്തരം നൽകാനാണ് ആളില്ലാത്തത്. പലനിലക്കും അന്വേഷിച്ചിട്ടും വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ പറവൂർ എൻ.എച്ച് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി വിവരം ലഭിക്കുന്നത് കാത്തിരിക്കുകയാണ് ചിലർ.
‘‘സ്ഥലമേറ്റെടുപ്പിന്റെയും നഷ്ടപരിഹാരത്തിന്റെയും കാര്യത്തിൽ ഉദ്യോഗസ്ഥർക്കുപോലും വ്യക്തതയില്ല. എന്തൊക്കെയാണ് ഇതിന്റെ നടപടിക്രമങ്ങളും രീതികളുമെന്ന് ആദ്യം അവർക്ക് വ്യക്തമായ നിർദേശം നൽകണം. അതിനുശേഷം ജനങ്ങളുടെ പരാതി കേൾക്കാനും ഞങ്ങൾക്ക് കൃത്യമായി കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാനും തയാറാകണം’’ -ആക്ഷൻ കൗൺസിൽ ജന. കൺവീനർ സജി കുടിയിരിപ്പിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുമായി മാത്രം യോഗം ചേർന്നാൽ പോരാ. ബാധിക്കുന്ന കുടുംബങ്ങളെ പങ്കെടുപ്പിച്ച് ജില്ല കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. 2013ലെ നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം നൽകാമെന്ന് യോഗത്തിൽ അംഗീകരിക്കുകയും മിനിറ്റ്സിൽ രേഖപ്പെടുത്തുകയും വേണമെന്നും സജി കൂട്ടിച്ചേർത്തു.
വേണം സ്വതന്ത്ര ആർബിട്രേറ്റർ
എറണാകുളം ജില്ല കലക്ടറാണ് ഭൂമിയുടെയും മറ്റും വില നിശ്ചയിക്കുന്ന സ്ഥലവില നിർണയ കമ്മിറ്റിയുടെ (ഡിസ്ട്രിക്ട് ലെവൽ പർച്ചേസ് കമ്മിറ്റി -ഡി.എൽ.പി.സി) ചെയർമാൻ.
കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ആർബിട്രേറ്ററും (മധ്യസ്ഥൻ) ജില്ല കലക്ടർ തന്നെ. നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തെ സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ സമീപിക്കേണ്ടത് ആർബിട്രേറ്ററെയാണ്.
എന്നാൽ, രണ്ടു പദവിയിലും ഒരാളിരിക്കുന്ന സാഹചര്യത്തിൽ പരാതിയുമായി ചെന്നാൽ ഡി.എൽ.പി.സി ചെയർമാനെന്ന നിലക്ക് പിന്നീടുണ്ടാവുന്ന പരാതികളുമായി കലക്ടറെ സമീപിക്കുന്നതിൽ അർഥമില്ലെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ വാദം.
ഈ സാഹചര്യത്തിൽ ജുഡീഷ്യൽ പദവിയുള്ള ജില്ല ജഡ്ജിയെയോ മറ്റോ സ്വതന്ത്ര ആർബിട്രേറ്ററായി നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അടുത്ത ദിവസം ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ് ആക്ഷൻ കൗൺസിൽ. ന്യായമായ നഷ്ടപരിഹാരം നേടിയെടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന നിലപാടിലുറച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ.
പ്രഹസനമോ ഹിയറിങ്...
ജനങ്ങളുടെ പരാതി കേൾക്കാനും സ്വീകരിക്കാനുമായി താലൂക്ക് അടിസ്ഥാനത്തിൽ ഹിയറിങ്ങുകൾ നടത്തിയിരുന്നു. അവിടെ ചെന്നാൽ തങ്ങളുടെ പരാതികളും ആവലാതികളും സംശയങ്ങളുമെല്ലാം ബോധിപ്പിക്കാമെന്ന ധാരണയോടെ എല്ലാവരും കൂട്ടത്തോടെ ഹിയറിങ്ങിൽ പങ്കെടുത്തു. എന്നാൽ, പലയിടത്തും ഹിയറിങ് നടപടി പ്രഹസനമായിരുന്നുവെന്നാണ് ആക്ഷേപം. തങ്ങളുടെ പരാതി വാങ്ങിവെക്കുകയല്ലാതെ വിശദീകരണം നൽകാനോ ഒന്നും ആരെയും കിട്ടിയില്ല. ഇതേതുടർന്ന് മരടിലുൾപ്പെടെ നടന്ന ഹിയറിങ്ങിനിടെ നാട്ടുകാർ പ്രശ്നമുണ്ടാക്കിയിരുന്നു.
തുടർന്ന് ജനപ്രതിനിധികളും എൻ.എച്ച് എ.ഐ അധികൃതരുമുൾപ്പെടെ യോഗം ചേർന്ന് വിശദീകരണം നൽകേണ്ടിവന്നു. ഓരോ ഹിയറിങ്ങിലും ഉദ്യോഗസ്ഥർ പലതാണ് പറയുന്നതെന്നതും ജനങ്ങളുടെ ആധി വർധിപ്പിക്കുന്നു. കുന്നത്തുനാട് താലൂക്കിലെ ഹിയറിങ്ങിനായി 15ഓളം ഉദ്യോഗസ്ഥർ വന്നിരുന്നു, എല്ലാവരും വ്യത്യസ്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് പോഞ്ഞാശ്ശേരിയിലെ എ.കെ. അഫ്സൽ പറഞ്ഞു. നഷ്ടപരിഹാരത്തെക്കുറിച്ചു മാത്രമല്ല, ആക്സസ് നിയന്ത്രിത ഹൈവേയായതിനാൽ സ്വന്തം വീട്ടിൽനിന്ന് സർവിസ് റോഡിലൂടെ കിലോമീറ്ററുകൾ പോയാലേ ഹൈവേയിലേക്ക് പ്രവേശിക്കാനാവൂ എന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്. അണ്ടർപാസുകൾ, എൻട്രി-എക്സിറ്റ് പോയന്റുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ട്.