കണക്കുകൂട്ടി... ബി.പി കൂട്ടി..ആശങ്കയുടെ മണിക്കൂറുകളിൽ സ്ഥാനാർഥികളും പാർട്ടികളും
text_fieldsകൊച്ചി: ജില്ലയിലെ മുന്നണി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സാധാരണ അണികളും പൊതുജനങ്ങളുമെല്ലാം കാത്തിരിക്കുകയാണ്, മൂന്നാഴ്ചയിലേറെയായി ആ 'മാന്ത്രികപ്പെട്ടി'കളിൽ ഉറങ്ങിക്കിടക്കുന്ന രഹസ്യമറിയാൻ. പെട്ടി തുറക്കുമ്പോൾ ആരൊക്കെ വാഴും, ആരൊക്കെ വീഴുമെന്ന ആകാംക്ഷക്ക് അറുതിയാവാൻ ഇനി ഒരുപകലിന്‍റെയും രാത്രിയുടെയും ദൂരം മാത്രം. പാർട്ടികളും സ്ഥാനാർഥികളുെമല്ലാം അന്തിമ കണക്കുകൂട്ടലിലാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇന്ന് അവർക്കാർക്കും ഉറക്കമില്ലാത്ത രാത്രിയായിരിക്കും. തിങ്കളാഴ്ച അതിരാവിലെ വോട്ടെണ്ണൽ തുടങ്ങാനിരിക്കെ, മണിക്കൂറുകൾ തള്ളിനീക്കാൻ പാടുപെടുകയാണ് എല്ലാവരും.
ഇതാണാ കേന്ദ്രങ്ങൾ
ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങൾക്കായി മൂന്ന് വോട്ടെണ്ണൽ േകന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കളമശ്ശേരി, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളിലേത് കളമശ്ശേരി കുസാറ്റിലും പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട്, പറവൂർ എന്നിവിടങ്ങളിേലത് യു.സി കോളജിലുമാണ് പ്രവർത്തിക്കുന്നത്. മൂവാറ്റുപുഴ, കോതമംഗലം, പിറവം എന്നിവിടങ്ങളിലേത് കോതമംഗലം എം.എ ആർട്സ് കോളജിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ ആളുകൾ തടിച്ചു കൂടും.
പ്രതീക്ഷകൾ വാനോളം...
ഫലപ്രഖ്യാപനം അടുത്തതോടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ജില്ലയിൽ 14 സീറ്റിലും വിജയിക്കുമെന്നാണ് യു.ഡി.എഫിന്‍റെ ഉറച്ച വിശ്വാസം. ചരിത്രത്തിലാദ്യമായി ജില്ലയിൽ ഐക്യജനാധിപത്യ മുന്നണിയുടെ സർവാധിപത്യമായിരിക്കുമെന്നും അവർ കണക്കു കൂട്ടുന്നു.
എന്നാൽ, മുൻതവണത്തേക്കാൾ മെച്ചപ്പെട്ട വിജയം സ്വന്തമാക്കുമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടൽ. സർക്കാർ വിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലും മുന്നണി മുന്നോട്ടുവെക്കുന്നുണ്ട്. ശക്തമായ മുന്നേറ്റമാണ് തങ്ങൾ സൃഷ്ടിക്കുകയെന്നും ട്വൻറി 20യുടെ വരവ് തങ്ങളെ കൂടുതൽ ബലപ്പെടുത്തിയെന്നും എൻ.ഡി.എയും അവകാശപ്പെടുന്നു. എന്തായാലും ആരുടെ അവകാശവാദങ്ങളാണ് യാഥാർഥ്യമാവുകയെന്നും ആരൊക്കെ തകർന്നടിയുമെന്നും ഉടനറിയാം.
എല്ലാം സെറ്റാണ്..
വോട്ടെണ്ണലിനുള്ള ഒരുക്കമെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായി. വെള്ളി, ശനി ദിവസങ്ങളിലായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടന്നു. ഓരോ മണ്ഡലങ്ങളിലേക്കുമുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകരും എത്തി. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ നിരീക്ഷകർ. ഇതിനു പുറമേ മൈക്രോ നിരീക്ഷകരുമുണ്ട്.
എല്ലാ മണ്ഡലങ്ങളിലും 14 വീതം മേശകളിലാണ് വോട്ടെണ്ണൽ നടക്കുക. ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡറിയിക്കാൻ വോട്ടെണ്ണൽ ഹാളിനോട് ചേർന്ന് മീഡിയ സെൻറർ ഒരുക്കിയിട്ടുണ്ട്. ഒരു മേശയിൽ മൈക്രോ നിരീക്ഷകൻ, കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റൻറ്, എന്നിവരാണുണ്ടാകുക. ഇവരാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. തപാൽ വോട്ടെണ്ണാൻ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ അഞ്ചും മറ്റു മണ്ഡലങ്ങളിൽ നാലും വീതം വോട്ടെണ്ണൽ മേശകൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.


