വഴി നിറഞ്ഞ് കുഴികൾ; ജില്ല ആസ്ഥാനത്തും പാതകൾ തകർച്ചയിൽ
text_fieldsകാക്കനാട്-സീപോർട്ട്-എയർപോർട്ട് റോഡിൽ പ്രത്യേക സാമ്പത്തിക മേഖലക്ക് മുന്നിലെ
അപകടക്കുഴികൾ
കാക്കനാട്: വലിയ കുഴികൾ മൂലം കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. മരണക്കുഴികളിൽ സ്കൂട്ടറുകളും ബൈക്കുകളും വീഴുന്നതും പതിവുകാഴ്ച. പ്രത്യേക സാമ്പത്തിക മേഖല മുതൽ ഐ.ടി റോഡ് കവാടം വരെയാണ് കുഴികൾ കൂടുതൽ.
പാലാരിവട്ടം-കാക്കനാട് റോഡിലും നിരവധി കുഴികളുണ്ട്. ആലിൻചുവട് ജങ്ഷൻ മുതൽ കുന്നുംപുറം ജങ്ഷൻവരെയാണ് സ്ഥിതി ഗുരുതരം. കാക്കനാട് കലക്ടറേറ്റ്, കേന്ദ്രീയ ഭവൻ, ഇൻഫോപാർക്ക്, സ്മാർട് സിറ്റി, എൻ.പി.ഒ.എൽ, കെ.ബി.പി.എസ്, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് ജീവനക്കാർ റോഡിൽ കുരുങ്ങിക്കിടക്കുന്നത് പതിവുസംഭവമാണ്.
പാലാരിവട്ടം-കാക്കനാട് റോഡിലും സീപോർട്ട്-എയർപോർട്ട് റോഡിലും മെട്രോ റെയിൽ നിർമാണം നടക്കുന്നതിനാൽ അതിന്റെ കുരുക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡിലെ കുഴികൾ അടച്ചാൽ കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു.