Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅ​ത്താ​ണി​യി​ൽ...

അ​ത്താ​ണി​യി​ൽ അ​പ​ക​ടം തു​ട​രു​ന്നു; അ​ഞ്ച്​ ദി​വ​സ​ത്തി​നി​ടെ മൂ​ന്ന​പ​ക​ടം, പൊ​ലി​ഞ്ഞ​ത് അ​ഞ്ച് യു​വാ​ക്ക​ളു​ടെ ജീ​വ​ൻ

text_fields
bookmark_border
അ​ത്താ​ണി​യി​ൽ അ​പ​ക​ടം തു​ട​രു​ന്നു; അ​ഞ്ച്​ ദി​വ​സ​ത്തി​നി​ടെ മൂ​ന്ന​പ​ക​ടം, പൊ​ലി​ഞ്ഞ​ത് അ​ഞ്ച് യു​വാ​ക്ക​ളു​ടെ ജീ​വ​ൻ
cancel
camera_alt

കഴിഞ്ഞദിവസം അത്താണിയിൽ അപകടത്തിൽപെട്ട ബൈക്ക്

അത്താണി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ദേശീയപാത അത്താണിയിൽ ഒന്നിടവിട്ട് വിവിധയിടങ്ങളിലുണ്ടായ ബൈക്ക് അപകടങ്ങളിൽ നഷ്ടമായത് അഞ്ച് ജീവനുകൾ. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരുന്നു നാടിനെ നടുക്കിയ അപകടങ്ങളുണ്ടായത്. ബുധനാഴ്ച പുലർച്ചെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികരായ തൃശൂർ കരുവന്നൂർ സ്വദേശികളായ ഗോകുൽ (26), അശ്വിൻ (22) എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അത്താണി കേരള ഫാർമസിക്കും കുറുന്തിലക്കോട്ട് ചിറക്കും മധ്യേ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

വെള്ളിയാഴ്ച രണ്ട് ബൈക്കുകളിൽ കൊച്ചിയിൽ വിനോദ യാത്രക്കെത്തിയ തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ നാലംഗ സംഘത്തിൽപ്പെട്ട യുവാവ് തഞ്ചാവൂർ സ്വദേശി എം. മോഹൻകുമാറാണ് (21) മരിച്ചത്. അത്താണിക്കും - കരിയാടിനും മധ്യേയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മീഡിയനിലിടിച്ച് നിയന്ത്രണം വിട്ടതോടെ മറിഞ്ഞ ബൈക്കിന്റെ പിന്നിൽ നിന്ന് മോഹൻകുമാർ തെറിച്ച് വലതുവശത്തെ ട്രാക്കിൽ വീഴുകയും ഈ സമയം അങ്കമാലി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ദേഹത്ത് കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നു. ബൈക്കോടിച്ച സുഹൃത്ത് ക്രിസ്റ്റൽ ഹാരിസ് (23) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ അത്താണി സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിന് സമീപമുണ്ടായ ബൈക്കപകടത്തിൽ പത്തനംതിട്ട സ്വദേശികളും ഉറ്റ സുഹൃത്തുക്കളുമായ ആദിത്തും (22) കപിലുമാണ് (22) മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് അസീസി സിഗ്നൽ കവലയിൽ സിഗ്നൽ തെളിയുന്നത് കാത്ത് നിന്ന കാറിൽ പാഞ്ഞ് കയറുകയും ബൈക്കിന്റെ ടയർ തകർന്ന് വഴിയോരത്ത് നിർത്തിയിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയുമായിരുന്നു. ആദിത്ത് തൽക്ഷണം മരിച്ചു. കപിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് അഞ്ച് യുവാക്കളുടെയും ജീവൻ പൊലിഞ്ഞത്. അത്താണിയിൽ നിന്ന് വിളിപ്പാടകലെയാണ് മൂന്ന് അപകടങ്ങളുമുണ്ടായത്.

അത്താണിയിലും പരിസരങ്ങളിലുമായി കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഒരു ഡസനോളം പേർക്കാണ് വ്യത്യസ്ത വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. മേഖലയിൽ അപകടങ്ങളും, ഗതാഗതക്കുരുക്കും രൂക്ഷമായതോടെ ഒന്നര വർഷം മുമ്പ് ഗതാഗത മന്ത്രിയായിരുന്ന ഗണേഷ്കുമാർ നേരിട്ടെത്തി അത്താണി, അസീസി കവലകളിൽ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയെങ്കിലും ഗുണത്തേക്കാൾ ഏറെ വിനയായി. അങ്കമാലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ആലുവ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ദേശീയപാതയിൽ സിഗ്നൽ കാത്ത് കിടക്കാതെ സഞ്ചരിക്കാനുള്ള ട്രാഫിക് പരിഷ്കാരമാണ് ഏർപ്പെടുത്തിയതെങ്കിലും അങ്കമാലിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും ചെങ്ങമനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ദേശീയപാത മുറിച്ച് കടക്കുന്നത് സാഹസിക അവസ്ഥയിലായി.

ആലുവയിൽ നിന്ന് വരുന്ന വാഹനങ്ങൾ എയർപോർട്ടിലേക്ക് തിരിയാനും എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ അത്താണിയിലേക്ക് തിരിയാനും പ്രയാസപ്പെടുകയായിരുന്നു. അത്താണിയിലും അസീസി കവലയിലും കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ അടക്കം ജീവൻ പണയപ്പെടുത്തി സഞ്ചരിക്കേണ്ട അവസ്ഥയുമുണ്ടായി. ബാരിക്കേഡ് റിബൺ കെട്ടിയായിരുന്നു റൂട്ട് തിരിച്ചിരുന്നത്. എന്നാൽ പുതുതായി ഇവിടെയെത്തുന്നവർക്ക് യാത്ര ദുരിതാനുഭവമാണ്. അതിനിടെ അസീസി കവലയിലെ ബാരിക്കേഡ് ഒരു മാസം മുമ്പ് രാത്രിയിൽ ഏതോ വാഹനം ഇടിച്ച് തെറിപ്പിച്ചു.

അതോടെ പഴയ പോലെ ആലുവ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അത്താണിയിലേക്കും എയർ പോർട്ടിലേക്കും പോകാൻ സിഗ്നൽ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. തകർന്ന ബാരിക്കേഡ് യഥാസമയം അറ്റകുറ്റപണി തീർത്ത് സ്ഥാപിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ ഞായറാഴ്ചയിലെ അപകടം ഒഴിവാക്കാമായിരുന്നു. കരിയാട് മുതൽ ദേശം വരെ ട്രാഫിക് സംവിധാനങ്ങളും റോഡിന്റെ അവസ്ഥയും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ്. ദേശം മുതൽ അത്താണി വരെയെങ്കിലും മേൽപാലം നിർമിക്കുക മാത്രമാണ് ദുരന്തമൊഴിയാനുള്ള ശാശ്വത മാർഗമെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
TAGS:Road Accident nedumbassery airport Ernakulam 
News Summary - Disaster continues in Athani; Third disaster in five days, five youths lost their lives
Next Story