Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകർച്ചവ്യാധിയെ...

പകർച്ചവ്യാധിയെ തുരത്താൻ ഇതാ 'ആരോഗ്യഭേരി'; പ്രതിരോധ കർമപദ്ധതിയുമായി ജില്ല പഞ്ചായത്തും ആരോഗ്യവകുപ്പും

text_fields
bookmark_border
പകർച്ചവ്യാധിയെ തുരത്താൻ ഇതാ ആരോഗ്യഭേരി; പ്രതിരോധ കർമപദ്ധതിയുമായി ജില്ല പഞ്ചായത്തും ആരോഗ്യവകുപ്പും
cancel

കൊച്ചി: ജില്ലയെ പകർച്ചപ്പനിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനായി സമഗ്ര പ്രതിരോധ കർമ പദ്ധതിയുമായി ജില്ല പഞ്ചായത്തും ആരോഗ്യവകുപ്പും. ആരോഗ്യഭേരി എന്ന പേരിൽ നടപ്പാക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി റോജി എം. ജോൺ നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത്.

വേണം, ജനപിന്തുണ

ജില്ല പഞ്ചായത്തിന്റെയും ജില്ല മെഡിക്കൽ ഓഫിസിന്‍റെയും നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിലൂടെ വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കിയും നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. രോഗ പ്രതിരോധത്തിൽ പൊതുജനങ്ങളുടെ ഇടപെടൽ ശക്തിപ്പെടുത്തുക, ആർജ്ജിച്ച ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള സാമൂഹിക ഇടപെടലുകൾ ശക്തമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക, അതിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയും ആണെന്ന തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാക്കി പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകൾ നടപ്പിലാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡി.എം.ഒ ഡോ. ആർ. ഷാഹിർഷാ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്നുമാസം തീവ്ര പ്രവർത്തനങ്ങൾ

ആശമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ വാർഡ് തല ടീമുകൾ സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഉറവിട നശീകരണം, ക്ലോറിനേഷൻ, സ്പ്രേയിങ് തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുക. ഒപ്പം പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തും. ജൂലൈ മുതൽ സെപ്തംബർ വരെ ജില്ലയിലെ ഓരോ വീടും കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വാർഡിൽ രണ്ടു പേരെ വീതം ഇതിനായി ചുമതലപ്പെടുത്തും.

ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളെ ഇല്ലാതാക്കാൻ ഊർജിത ഉറവിട നശീകരണം, മലിന ജലത്തിൽ മുട്ടയിട്ടു പെരുകുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിന് വെള്ളക്കെട്ടുകൾ ഒഴിവാക്കുക, സ്പ്രേയിങ്, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലയിട്ടു കെട്ടുക തുടങ്ങിയ പ്രവർത്തനങ്ങൾ, ശുദ്ധജലം ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, വാർഡ് തലത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഹെൽത്ത് വളന്റിയർമാരുടെയും ആശ വർക്കർമാരുടെയും സേവനം ഉപയോഗപ്പെടുത്തി കൊതുക് നശീകരണ പ്രവർത്തനങ്ങൾ, സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണം, ആരോഗ്യ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയാണ് കാമ്പയിനിലൂടെ ചെയ്യുന്നത്. രണ്ടാംഘട്ടത്തിൽ പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ നടത്തുന്നവർക്കുമെതിരെ നിയമനടപടി ശക്തമാക്കുന്നതിനുള്ള ഇടപെടലുകളിലേക്ക് കടക്കും.

ശിൽപശാല ഇന്ന്

പകർച്ചവ്യാധികളെ കൂട്ടായ പരിശ്രമത്തിലൂടെ പ്രതിരോധിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ, ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ആരോഗ്യം, ആയുഷ് വകുപ്പുകളിലെ മെഡിക്കൽ ഓഫിസർമാർ, ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ വിദഗ്ദ്ധർ തുടങ്ങിയവരെ ഉൾപ്പെടുത്തി വെള്ളിയാഴ്ച എറണാകുളം നോർത്ത് ടൗൺ ഹാളിൽ ശിൽപശാല സംഘടിപ്പിക്കും. രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.

എച്ച് വൺ എൻ വൺ രോഗബാധ കൂടി

മുൻവർഷത്തേക്കാൾ ജില്ലയിൽ പകർച്ചവ്യാധികൾ പൊതുവേ കുറവാണെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ. എച്ച് വൺ എൻ വൺ, ചിക്കൻപോക്സ്, ചികുൻഗുനിയ ഹെപറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളുടെ കേസ് വർധിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിർഷ കൂട്ടിച്ചേർത്തു. ഈ വർഷം ഇതിനകം 16 പേരാണ് വിവിധ പകർച്ചവ്യാധികൾ പിടിപ്പെട്ട് മരിച്ചത്.

നാലുപേർ ചിക്കൻപോക്സ് ബാധിച്ചും മൂന്നുപേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ വർഷം ആദ്യം മുതൽ ജൂൺ അവസാനം വരെ 44 കേസുകളാണ് എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തത്. ഇത്തവണ അത് 309 ആയി ഉയർന്നു. മൂന്നുപേർ ഇതിനകം മരിച്ചു. മുൻ വർഷത്തേക്കാൾ ഇത്തവണ സ്ക്രീനിങ് വർധിച്ചതും കേസുകളുടെ റിപ്പോർട്ടിങ് കൂടാൻ കാരണമായിട്ടുണ്ട്.

Show Full Article
TAGS:Ernakulam Local News Epidemic threat Health Campaign District Panchayat 
News Summary - District Panchayat and Health Department with a preventive action plan
Next Story