ജില്ല സ്കൂൾ കായികമേളക്ക് മഹാരാജാസ് ഗ്രൗണ്ടിൽ തുടക്കം
text_fieldsകൊച്ചി: ഒരുവശത്ത് കായികാധ്യാപകരുടെ പ്രതിഷേധവും രോഷവും മറുവശത്ത് നാളെയുടെ കായികതാരങ്ങളുടെ സുവർണപ്രതീക്ഷകളും സുന്ദര പ്രകടനങ്ങളും... എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ച ജില്ല സ്കൂൾ കായികമേളയിലെ ആദ്യദിനം കോതമംഗലം ഉപജില്ല മുന്നേറ്റം തുടങ്ങി.
10 സ്വര്‍ണം, ഏഴ് വെള്ളി, രണ്ട് വെങ്കലം എന്നിവ നേടി 73 പോയന്റുമായാണ് നിലവിലെ ചാമ്പ്യന്മാരുടെ കുതിപ്പ്. നാലുവീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമായി 37 പോയന്റോടെ അങ്കമാലി രണ്ടാം സ്ഥാനത്തുണ്ട്. എറണാകുളവും പെരുമ്പാവൂരും 15 പോയന്റുമായി മൂന്നാം സ്ഥാനം പങ്കിടുന്നു. എറണാകുളം ഒരു സ്വര്‍ണവും പെരുമ്പാവൂര്‍ രണ്ട് സ്വര്‍ണവുമാണ് നേടിയത്. വൈപ്പിന്‍ (14), ആലുവ (10) ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
സ്കൂളുകളിൽ ഒന്നാമനായ മാര്‍ബേസില്‍ എച്ച്.എസ്.എസിന്റെയും (50) കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിന്റെയും (23) ചിറകിലേറിയായാണ് കോതമംഗലം കുതിക്കുന്നത്. ആറുവീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമാണ് മാര്‍ബേസിലിന്റെ മെഡൽ പട്ടികയിൽ. നാല് സ്വര്‍ണവും ഒരു വെള്ളിയുമുണ്ട് സെന്റ് സ്റ്റീഫൻസിന്. അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്.എസ് ഒരു സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവുമടക്കം 17 പോയന്റ് നേടി.
പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസ്- 12, ഭഗവതി വിലാസം എച്ച്.എസ് നായരമ്പലം- ഒമ്പത്, എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ്- ഒമ്പത് സ്കൂളുകളും ആദ്യദിനം തിളങ്ങി. 20 ദിനങ്ങളിലായിരുന്നു ശനിയാഴ്ച ഫൈനല്‍. മീറ്റ് റെക്കോഡുകൾ ഒന്നും ആദ്യദിനമുണ്ടായില്ല. 1500 മീറ്റര്‍ ഓട്ടം, ഹര്‍ഡില്‍സ്, സ്പ്രിന്റ് റിലേ തുടങ്ങി ഞായറാഴ്ച 25 ഇനങ്ങളില്‍ ഫൈനല്‍ അരങ്ങേറും.
കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ സുബിൻ പോൾ പതാക ഉയർത്തി. കൗൺസിലർ പത്മജ എസ്. മേനോൻ അധ്യക്ഷത വഹിച്ചു. ലോഗോ തയാറാക്കിയ ബിൻസിൽ ബിജു മാത്യുവിന് വി.എ. ശ്രീജിത്ത് പുരസ്കാരം നൽകി.
വിദ്യാകിരണം ജില്ല കോഓഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, എറണാകുളം എ.ഇ.ഒ ഡിഫി ജോസഫ്, ജോമോൻ ജോസ്, ആന്റണി ജോസഫ് ഗോപുരത്തിങ്കൽ, എൽദോ കുര്യാക്കോസ്, സി. സഞ്ജയ് കുമാർ, ജി. ആനന്ദകുമാർ, ടി.യു. സാദത്ത്, സി.എ. അജ്മൽ, തോമസ് പീറ്റർ, ആശലത തുടങ്ങിയവർ സംസാരിച്ചു.
പോയന്റ് നില
കോതമംഗംലം - 73
അങ്കമാലി - 37
എറണാകുളം - 15
പെരുമ്പാവൂർ - 15
വൈപ്പിൻ - 14
ആലുവ - 10
പിറവം - 04
മൂവാറ്റുപുഴ - 04
മട്ടാഞ്ചേരി -03
കൂത്താട്ടുകുളം -03
കോലഞ്ചേരി -02


