രോഗികൾക്ക് പ്രയോജനപ്പെടാതെ എടത്തല കുടുംബാരോഗ്യ കേന്ദ്രം
text_fieldsഎടത്തല: രോഗികൾക്ക് പ്രയോജനപ്പെടാതെ എടത്തല കുടുംബാരോഗ്യ കേന്ദ്രം. മതിയായ സൗകര്യങ്ങളില്ലാത്തതാണ് ദുരിതമാകുന്നത്. പി.എച്ച്.സി ആയിരുന്ന ഹെൽത്ത് സെന്റർ എം.എൽ.എയുടെ ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്ന പ്രഖ്യാപനത്തോടെ കൊട്ടിഗ്ഘോഷിച്ചായിരുന്നു ഉദ്ഘാടനം. എന്നാൽ, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലുള്ള മാറ്റങ്ങളൊന്നും ഇവിടെയുണ്ടായില്ല.
വൈകീട്ട് അഞ്ചുവരെ ആശുപത്രി പ്രവർത്തിക്കാൻ രണ്ട് ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമെടുത്തിതിരുന്നു. എന്നാൽ, ഇത് നടപ്പാക്കിയില്ലെന്ന് രോഗികൾ പറയുന്നു. ലാബ് പ്രവർത്തനം കാര്യക്ഷമമല്ല. പലപ്പോഴും പ്രവർത്തിക്കാറില്ല. ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കിടത്തിച്ചികിത്സ തുടങ്ങാൻ തീരുമാനമെടുത്തിരുന്നെങ്കിലും തുടങ്ങിയില്ല. പഞ്ചായത്തിലെ 21 വാർഡിലെ രോഗികൾക്ക് പുറമെ സമീപ പഞ്ചായത്തുകളിൽനിന്നു വരെ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണിത്. എന്നാൽ, ഒരു മണിക്ക് ഡോക്ടർമാർ പോകുന്നതുകൊണ്ട് രോഗികൾ ദുരിതത്തിലാണ്.
പാലിയേറ്റിവ് കെയർ യൂനിറ്റിന് ആവശ്യമുള്ള സാധന സാമഗ്രികൾ ഇല്ല. ആശാ വർക്കർമാർക്ക് ആവശ്യമുള്ള സഹായസഹകരണങ്ങളും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വാധീനമുണ്ടായിരുന്നു.
അതിനാൽ രോഗികൾക്ക് വേണ്ടിയും വികസന കാര്യങ്ങളിലും അവർക്ക് ഇടപെടാൻ സാധിക്കുമായിരുന്നു. കുടുംബാരോഗ്യ കേന്ദ്രമാക്കിയതോടെ ജനപ്രതിനിധികളുടെ സ്വാധീനം കുറഞ്ഞു. നിലവിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിയന്ത്രണത്തിലാണ്.


