സ്ഥാനാർഥികളേ... സൂക്ഷിച്ചോ! ‘മുകളിലൊരാൾ’ എല്ലാം കാണുന്നുണ്ട്
text_fieldsകലക്ടറേറ്റിലെ മാധ്യമ നിരീക്ഷണ സർട്ടിഫിക്കേഷൻ സമിതിയുടെ പ്രവർത്തനം
കാക്കനാട്: എറണാകുളം, ചാലക്കുടി പാർലമെൻറ് മണ്ഡലങ്ങളിലെ പ്രചാരണം കനക്കുമ്പോഴും സ്ഥാനാര്‍ഥികളുടെ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിക്കുകയാണ് കലക്ടറേറ്റിലെ മാധ്യമ നിരീക്ഷണ സർട്ടിഫിക്കേഷൻ സമിതി. മുന്‍കൂര്‍ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തോടെ നടത്തുന്ന പ്രചാരണങ്ങളടക്കം ഇവര്‍ കൈയോടെ പിടികൂടും.
തെരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലായതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ കീഴിലുള്ള നിരീക്ഷണസെല്ലുകളുടെ ജോലിഭാരവും വര്‍ധിച്ചു. ഏതുതരം പ്രചാരണമായാലും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് ചുമതല. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സമൂഹമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണപരിധിയില്‍ വരും. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും ഈ കമ്മിറ്റിയാണ് നിര്‍വഹിക്കുക. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുന്നതും ഇവര്‍ തന്നെ.
രാവിലെ എട്ടുമുതൽ രണ്ടുവരെയും ഉച്ചക്ക് രണ്ടുമുതൽ രാത്രി എട്ട് വരെയും രണ്ട് സെക്ഷനുകളിലായി 18 പേർ ജോലി ചെയ്തുവരുന്നു. ജില്ല വരണാധികാരിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് അധ്യക്ഷനും അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ജോര്‍ജ് ഈപ്പന്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി റോജ തുഷാര, മുതിർന്ന മാധ്യമപ്രവര്ത്തകന് രാജു പോൾ എന്നിവര്‍ അംഗങ്ങളുമാണ്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എൻ.ബി. ബിജുവാണ് മെംബര്‍ സെക്രട്ടറി.
പോളിങ് ജോലിക്ക് ആവശ്യം 12864 പേരെ
ജില്ലയിലെ 2294 ബൂത്തിലേക്കായി റിസർവ് ഉൾപ്പെടെ 12,864 ജീവനക്കാരെയാണ് ആവശ്യം. ഓരോ വകുപ്പും പോളിങ് ജോലിക്കായുള്ള ആളുകളുടെ ലിസ്റ്റും കൈമാറി. എന്നാൽ, കാക്കനാട് കലക്ടറേറ്റിലെ ഒന്നാം നിലയിലെ കോൺഫറൻസ് ഹാളിന് സമീപം പോളിങ് ജോലി ഒഴിവാക്കാൻ എത്തുന്നവരുടെ നീണ്ട നിരയാണ്. വിവിധ ന്യായങ്ങൾ നിരത്തി സ്ഥിരമായി പോളിങ് ജോലിയിൽ ഇളവ് വാങ്ങാൻ ശ്രമിക്കുന്നവരാണ് കൂടുതൽ പേരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൂർണ ഗർഭിണികൾ, മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള അമ്മമാർ, കാൻസർ പോലുള്ള രോഗം ബാധിച്ചവർ, ഡയാലിസിസിന് വിധേയരാകുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ ഒഴിവാക്കും മുമ്പ് മെഡിക്കൽ ബോർഡ് പരിശോധന നടത്തും. പോളിങ് ജോലിക്കുള്ള ഉത്തരവ് കൈപ്പറ്റാതിരിക്കുകയോ ജോലിയിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.