പഞ്ചായത്ത് തെരഞ്ഞെടുപ്പ്; എടത്തലയിൽ ചർച്ച പുരോഗമിക്കുന്നു
text_fieldsഎടത്തല: പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലും എൽ.ഡി.എഫിലും ചർച്ച ആരംഭിച്ചു. യു.ഡി.എഫിനും കോൺഗ്രസിനും സ്വാധീനമുള്ള പഞ്ചായത്താണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് അടിതെറ്റിയിരുന്നു. കോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് ഭരണം ഇടതുമുന്നണിയിലേക്ക് എത്താൻ ഇടയാക്കിയത്. എന്നാൽ, നിലവിലെ എൽ.ഡി.എഫ് ഭരണസമിതിയിൽ പ്രതിസന്ധി രൂക്ഷമാണ്.
സി.പി.എമ്മിൽ ഉൾപ്പോര് സജീവമായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെ ദിവസങ്ങൾക്ക് മുമ്പ് മാറ്റിയിരുന്നു. സി.പി.ഐയിലും പ്രശ്നങ്ങളുണ്ട്. ജില്ല പഞ്ചായത്ത് അംഗം ഉൾപ്പെടെ പാർട്ടിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. അതേസമയം, നിലവിലെ സീറ്റ് വിഭജനം അതേപടി തുടരാനാണ് എൽ.ഡി.എഫിലെ തീരുമാനമെന്ന് അറിയുന്നു.
നിലവിലെ ജില്ല പഞ്ചായത്ത് അംഗം സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്നെങ്കിലും എടത്തല ഡിവിഷനിൽ സി.പി.ഐതന്നെ വീണ്ടും മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്ത് വാർഡുകളും നിലവിലെ കക്ഷികൾതന്നെ മത്സരിക്കാനാണ് ധാരണയെന്ന് സൂചനയുണ്ട്. എങ്കിലും പ്രാദേശിക തലത്തിൽ പല കക്ഷികളും സീറ്റിന് അവകാശം ഉന്നയിക്കുന്നുണ്ട്.
മുസ്ലിം ലീഗിന് ശക്തിയുള്ള പഞ്ചായത്താണ് എടത്തല. കോൺഗ്രസ് നേതൃയോഗത്തിന് ശേഷം ലീഗുമായുള്ള ചർച്ചകൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. പുതുതായി രൂപവത്കരിച്ച വാർഡുകൾ തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഒന്ന്, 12, 16, 22 ജനറൽ വാർഡുകൾ വെച്ചുമാറണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ടുതവണ ലീഗ് തോറ്റ ജില്ല പഞ്ചായത്ത് എടത്തല ഡിവിഷനും കോൺഗ്രസ് ഉന്നംവെക്കുന്നുണ്ട്. ജില്ലയിലെ മറ്റേതെങ്കിലും ഡിവിഷനുമായി വെച്ചുമാറണമെന്നാണ് പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് ലീഗിന്റെ നിലപാട്. വാർഡുകളുടെ വെച്ചുമാറ്റം ചർച്ചചെയ്യാമെന്നും പുതുതായി രൂപപ്പെട്ട വാർഡുകളിൽ ഒന്ന് അനുവദിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
ചില പ്രദേശങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ട്. മൂന്ന് സീറ്റ് വരെ ഇവർ നേടിയ ചരിത്രമുണ്ട്. നാല് മുതൽ ആറ് വാർഡ് വരെ നേടാനാണ് ഇത്തവണ ശ്രമം. ട്വന്റി20 11 വാർഡുകളിൽ മത്സരിക്കാൻ സാധ്യതയുണ്ട്. രണ്ട്, ഒമ്പത്, 17, 19 വാർഡുകളിൽ ജയവും പ്രതീക്ഷിക്കുന്നു.


