സോഡാ കുപ്പി അടപ്പുകളിൽ വിരിഞ്ഞ് ഫുട്ബാൾ ഇതിഹാസങ്ങൾ
text_fieldsസോഡാ കുപ്പിയുടെ അടപ്പുകളിൽ തെളിഞ്ഞ ഫുട്ബാൾ രാജാക്കൻമാർ
മൂവാറ്റുപുഴ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് മാറ്റുകൂട്ടി മൂവാറ്റുപുഴ നിർമ്മല കോളജിൽ ഒരുക്കിയ വേറിട്ട ഇൻസ്റ്റലേഷൻ ശ്രദ്ധേയമാകുന്നു. ‘വേസ്റ്റ് ടു വണ്ടർ’ എന്ന ആശയം മുൻനിർത്തി, ഉപയോഗശൂന്യമായി തള്ളുന്ന സോഡാക്കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ചാണ് ലോക ഫുട്ബാളിലെ വിസ്മയങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂറ്റൻ മുഖചിത്രങ്ങൾ കോളജിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്.നിർമ്മല കോളജിലെ പൂർവ വിദ്യാർഥിയായ അജയ് വി. ജോണിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും കൈകോർത്താണ് ഈ ക്രിയേറ്റീവ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. വളരെ കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദപരമായ സന്ദേശം കൂടി പങ്കുവെക്കുന്ന കലാസൃഷ്ടി പൂർത്തിയാക്കാൻ ഒരു മാസം നീണ്ടുനിന്ന കഠിനാധ്വാനം വേണ്ടിിവന്നു. വിദ്യാർഥികൾ ശേഖരിച്ച പതിനായിരകണക്കിന് സോഡാക്കുപ്പി അടപ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കോളജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിൽ ഇൻസ്റ്റലേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.


