‘പരിവാഹൻ’ മറയാക്കി തട്ടിപ്പ് വ്യാപകം; ഒരാഴ്ചക്കിടെ പരാതിയുമായി എത്തിയത് ഇരുപതോളം പേർ
text_fieldsകാക്കനാട്: കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് ജില്ലയിലും വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ 20ഓളം പേരാണ് പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചത്. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് ഏറെയുമെന്ന് പൊലീസ് പറയുന്നു. വാട്സ്ആപ്-എസ്.എം.എസ് വഴി മൊബൈൽ ഫോണിൽ വരുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ വാഹനം നിയമ ലംഘനത്തിൽപെട്ടിട്ടുണ്ടെന്നായിരിക്കും സന്ദേശം.
മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വരുന്ന സന്ദേശത്തിൽ വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരെ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയാനും തെളിവുകൾ കാണാനും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. പിഴത്തുക അടക്കാൻ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും.
എന്നാൽ, ഇത്തരത്തിൽ എം-പരിവാഹന്‍ എ.പി.കെ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോർ, ഐ ഫോണിന്റെ ആപ്പ് സ്റ്റോർ എന്നിവയിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുപകരം ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകൾ വഴി ആപ്പിലേക്കു പോകുന്നതാണ് കെണിയിൽ അകപ്പെടാൻ കാരണമാകുന്നതെന്ന് സൈബർ പൊലീസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
മോട്ടോർ വാഹന വകുപ്പും പൊലീസും നൽകുന്ന നിർദേശങ്ങൾ
- അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയൽ ക്ലിക്ക് ചെയ്യരുത്
- ഇ-ചെലാൻ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. പിഴ അടക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്സൈറ്റിൽനിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം
- വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിന് മറുപടിയായി നൽകരുത്. ഇത്തരത്തിൽ വരുന്ന സന്ദേശത്തിൽ നിങ്ങളുടെ അക്കൗണ്ട്, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുക
- ലഭിക്കുന്ന സന്ദേശം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ഇ-ചെലാൻ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക
- ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം 1930 നമ്പറിൽ 1930 എന്ന നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in സൈറ്റിലും പരാതി നൽകാം. ഇ-ചെലാൻ ഉപഭോക്തൃ സേവന വിഭാഗം ഫോൺ: 0120-4925505