വീശിയടിച്ച് ചുഴലിക്കാറ്റ്; നടുക്കം വിട്ടുമാറാതെ ഷീബ
text_fieldsതിങ്കളാഴ്ച ഉച്ചക്ക് നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് ചുഴലിക്കാറ്റുണ്ടായത് വിവരിക്കുന്ന ഷീബ ജോണി
ചെങ്ങമനാട്: നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്കുണ്ടായ ചുഴലിക്കാറ്റിന്റെ തീവ്രത നേരിട്ടനഭവിച്ച കാഞ്ഞൂക്കാരൻ ഷീബ ജോണി ഭീതിയോടെയാണ് സംഭവം വിവരിച്ചത്. സ്കൂട്ടറിൽനിന്ന് വീണ് വലതുകാലിന് പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഉച്ചക്കുണ്ടായ കനത്ത മഴയോടൊപ്പം അപ്രതീക്ഷതമായി ഉഗ്രശബ്ദത്തോടെ കാറ്റ് വീശിയത്. ഈ സമയം ഓട് മേഞ്ഞ വീട്ടിൽ ഷീബ മാത്രമാണുണ്ടായിരുന്നത്. ഭർത്താവ് ജോലിക്ക് പോയിരുന്നു. മക്കൾ സ്കൂളിലും, പ്രായമുള്ള മാതാവ് ആശുപത്രിയിലും പോയിരിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിലാണ് സമീപ വീടുകളും, വടവൃക്ഷങ്ങളുമെല്ലാം പിഴുതെറിയപ്പെട്ടത്.
ഭീമൻ മരങ്ങൾ ആടിയുലഞ്ഞ് നിലം പൊത്തുന്ന ശബ്ദം കേട്ടാണ് മുറിയിൽ നിന്ന് ഷീബ വരാന്തയിലെത്തിയത്. വീട് കുലുങ്ങും വിധം ശക്തമായ കാറ്റാണ് വീശിയതെന്ന് ഷീബ പറയുന്നു. അകത്തേക്ക് കടന്ന് വാതിൽ അടക്കാമെന്ന് കരുതി നടക്കാൻ ഭാവിച്ചപ്പോഴേക്കും ആരോ പിടിച്ചു കറക്കും പോലെ കാറ്റിന്റെ ചുഴിയിൽപ്പെട്ട് ചുമരിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ഷീബ പറഞ്ഞു. എഴുന്നേറ്റ് വാതിൽ അടച്ച് അകത്ത് കയറിയെങ്കിലും വീട് തകരുമെന്ന ഭീതിയിലായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കാറ്റ് നിലച്ചെങ്കിലും സമീപത്തെ വീടുകൾക്കെല്ലാം മരം വീണ് നാശം സംഭവിച്ചിരുന്നു. കാറ്റിന്റെ ശക്തിയിൽ മുല്ലശ്ശേരി അബ്ദുൽകരീമിന്റെ അടുക്കള ഭാഗത്തെ ഷെഡിന്റെ ഇരുമ്പിന്റെ ഷീറ്റുകളും, സമീപത്തെ പല വീടുകളുടെ കമിഴ്ത്ത് ഓടുകളും ദൂരെ തെറിച്ച് വീണു.
ചെങ്ങമനാട് പഞ്ചായത്ത് ഒൻപതാം വാർഡിലെ നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്കുണ്ടായ ചുഴലിക്കാറ്റിൽ മരം വീണ് ആറ് വീടുകൾക്ക് കൂടി നാശനഷ്ടം. കരുമത്തി വീട്ടിൽ റീന ടോമി, പുത്തൻവീട് കരുമത്തി വീട്ടിൽ ജോയി പോൾ, പള്ളിപ്പുറത്താൻ വീട്ടിൽ ഇസ്മായിൽ, മാണിയംപറ വീട്ടിൽ സിദ്ദീക്ക്, പാറക്ക വീട്ടിൽ വിൽസൺ, കല്ലറക്കൽ ഹസ്സൻ എന്നിവരുടെ വീടുകൾക്കുമാണ് നാശം. ആകെ14 വീടുകൾക്ക് നാശമുണ്ടായിട്ടുണ്ട്.