അജയ്യയായി അദബിയ വീണ്ടും...
text_fieldsഎ. അദബിയ ഫർഹാൻ (ജൂനിയർ ഗേൾസ് ലോങ് ജംപ്, സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ)
കൊച്ചി: ജില്ല സ്കൂൾ കായികമേളയിൽ ഇത്തവണയും സ്വർണാധിപത്യം തുടർന്ന് കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി അദബിയ ഫർഹാൻ. ആദ്യദിനം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ലോങ് ജംപിലും 100 മീറ്ററിലും ഒന്നാമതെത്തി താരമായി.
ഞായറാഴ്ച നടക്കുന്ന ട്രിപ്പിൾ ജംപിലും സ്വർണനേട്ടത്തോടെ ഹാട്രിക് സ്വന്തമാക്കുകയാണ് ലക്ഷ്യം. 100 മീറ്ററിൽ 12.5 സെക്കൻഡിലും ലോങ് ജംപിൽ 5.27 മീറ്ററിലുമാണ് ശനിയാഴ്ചത്തെ സ്വർണനേട്ടം. രണ്ടാം സ്ഥാനം ലഭിച്ച കോതമംഗലം മാർ ബേസിൽ വിദ്യാർഥിനി ഏഞ്ചലിയ ലിനേഷ് ചാടിയത് 4.66 മീറ്ററും. ജില്ല സ്കൂൾ കായികമേളയിൽ ലോങ് ജംപിൽ ഇക്കുറിയും സ്വർണം നേടിയതോടെ തുടർച്ചയായി നാലുതവണ ഈ ഇനത്തിൽ ജേത്രിയായ നേട്ടവും സ്വന്തമാക്കി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപിൽ സ്വർണവും ലോങ് ജംപിൽ വെള്ളിയും നേടിയിരുന്നു. സംസ്ഥാന ജൂനിയർ മീറ്റിലും ഈ നേട്ടം ആവർത്തിച്ചു. വൈപ്പിൻ സ്വദേശിയായ അബ്ദുൽ സമദ്-സുനിത ദമ്പതികളുടെ മകളാണ്. കോതമംഗലം എം.എ അക്കാദമിയിലെ എം.എ. ജോർജിന്റെ ശിക്ഷണത്തിലാണ് പരിശീലനം.


