ഉപജില്ല കായിക മത്സരങ്ങൾ തോന്നുംപടി; വിദ്യാർഥികൾ നെട്ടോട്ടത്തിൽ
text_fieldsമട്ടാഞ്ചേരി: കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ അധികൃതർ തോന്നുംപടി സ്കൂൾ ഗെയിംസ് മത്സരങ്ങൾ നടത്തുന്നത് മൂലം വിദ്യാർഥികൾ നെട്ടോട്ടത്തിൽ. ഉപജില്ല തല മത്സരങ്ങളാണ് നിലവിൽ ആരംഭിച്ചത്. എന്നാൽ തിരക്കിട്ട് മത്സരങ്ങൾക്ക് ഷെഡ്യൂൾ തയ്യാറാക്കിയതോടെ അതാത് ഉപജില്ല പരിധികൾക്കപ്പുറമാണ് പല മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ഇത് മൂലം വിദ്യാർഥികളും അനുഗമിക്കുന്ന അധ്യാപകരും ദുരിതത്തിലായിരിക്കുകയാണ്.
ഉപജില്ല തല ഗുസ്തി മത്സരങ്ങൾ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിലാണ് ചൊവ്വാഴ്ച നടത്തുന്നത്. മറ്റ് ഉപജില്ല മത്സരവും മട്ടാഞ്ചേരിയിൽ തന്നെയായതിനാൽ റവന്യു ജില്ലയുടെ ഒരറ്റത്തുള്ള വിദ്യാർഥികൾ വരെ മട്ടാഞ്ചേരിയിലെത്തണം. ചൊവ്വാഴ്ച തന്നെയാണ് ഉപജില്ല ബോക്സിങ് മത്സരങ്ങൾ കോലഞ്ചേരി കടയിരുപ്പിൽ നിശ്ചയിച്ചിട്ടുള്ളത്.
എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബോക്സർമാരുള്ള സ്ഥലമാണ് മട്ടാഞ്ചേരി ഉപ ജില്ല. എന്നാൽ ഉപജില്ലയിലെ ബോക്സർമാർ മത്സരത്തിനായി കടയിരുപ്പിൽ പോകേണ്ട ഗതികേടിലാണ്. ഗുസ്തിക്കൊപ്പം ബോക്സിങും പരിശീലിക്കുന്ന രീതിയാണ് ഉപജില്ലയിലെ കായിക താരങ്ങളിൽ നല്ലൊരു പങ്കും തുടർന്നുവരുന്നത്.
രണ്ടുമത്സരങ്ങളും ഒറ്റ ദിവസം വന്നുവെന്ന് മാത്രമല്ല, ഗുസ്തി മട്ടാഞ്ചേരിയിലും ബോക്സിങ് കടയിരിപ്പിലുമാണ്. ഇതും താരങ്ങൾക്ക് വിനയാകുന്നുണ്ട്. ഉപജില്ല മത്സരങ്ങൾ ദൂരെ സ്ഥലങ്ങളിൽ നടത്തുന്നതിനാൽ ആദ്യമായി മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ മത്സരത്തിന് അയക്കുന്നതിൽ രക്ഷിതാക്കളും മടിക്കുന്നുണ്ട്. പരിഷ്കാരങ്ങൾ വിദ്യാർഥികളുടെ കായിക ഭാവിക്ക് വിനയാകുമെന്നാണ് മുതിർന്ന പരിശീലകരടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.