ശബരി െറയില്‍പാതയും അനുബന്ധ പ്രദേശങ്ങളും കൈയടക്കി സാമൂഹികവിരുദ്ധർ
text_fieldsശബരിപാതയുടെ മറ്റൂര്‍ റെയിൽവേ അടിപാതക്ക് സമീപം കാട് കയറിയ നിലയില്‍
കാലടി: ശബരി െറയില്‍പാതയും അനുബന്ധ പ്രദേശങ്ങളും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും പിടിയില്‍. പല ഭാഗങ്ങളും കാട് കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങി തിരികെ വീട്ടിലേക്ക് സൈക്കിളില്‍ പോയ ഗൃഹനാഥനെ ഹെൽമറ്റ് ധാരികളായ നാല് പേര് ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒന്നര പവന് വരുന്ന മാല കവര്‍ന്ന് കടന്നുകളഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ മൂന്ന് വീടുകളിലെ മോട്ടോര്‍ പമ്പ് സെറ്റ് രാത്രിയില്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. നിർമാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ച നിലയിലാണ് ശബരിപാതയും റെയില്‍വേ സ്റ്റേഷനും. ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. പ്രദേശമാകെ ഒഴിഞ്ഞ മദ്യക്കുപ്പികളും ഗര്‍ഭനിരോധിത ഉറകളും ലഹരി മരുന്നുകളുടെ കവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 14 ,15 വാര്‍ഡുകളില്‍പ്പെടുന്ന ഈ പ്രദേശത്ത് 250 ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 300ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികളും താമസിക്കുന്നുണ്ട്. മറ്റൂര്‍-തലാശ്ശേരി എന്ന് ഈ പ്രദേശം കാലടി -നെടുമ്പാശ്ശേരി പൊലീസ് സ്റ്റഷനുകള്‍ക്ക് കീഴിലാണ് വരുന്നത്. അതിര്‍ത്തി പങ്കിടുന്നതിനാല്‍ രാത്രികാല പട്രോളിങ് ശരിയായ രീതിയില്‍ നടക്കുന്നില്ലന്ന ആരോപണമുണ്ട്. പ്രദേശത്ത് തെരുവുവിളക്കുകള്‍ തെളിയാത്തത് സാമൂഹികദ്രോഹികള്‍ക്ക് ഗുണകരമാണ്. സ്വൈരജീവിതം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.