മത്സരയോട്ടം; സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsകാലടി: അപകടകരമായ രീതിയിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഇടപെടലിനെത്തുടർന്ന് നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ബസിന്‍റെ പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങി. അപകടകരമായ രീതിയിൽ ഓടിച്ച കെ.എൽ-33-2174 നമ്പർ ബസാണ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ കാലടി പട്ടണത്തിലാണ് സംഭവം. സമൂഹമാധ്യമംവഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമീഷണറോട് അടിയന്തര അന്വേഷണത്തിന് നിർദേശിച്ചു.
തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയന്റ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്‌തു. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ മൂവാറ്റുപുഴ ആർ.ടി.ഒക്ക് ശിപാർശ അയക്കുകയുംചെയ്തു.വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ ബസുകൾ തമ്മിൽ മത്സരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വകുപ്പ് ശക്തമായ നടപടികളെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ കെ.ആർ. സുരേഷ് അറിയിച്ചു.


