ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തതായി പരാതി
text_fieldsതട്ടിപ്പ് നടത്തിയ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ്
കാലടി: മറ്റൂര്‍ സെന്റ് ജോര്‍ജ് കോംപ്ലക്സിൽ ലോട്ടറി കച്ചവടം നടത്തുന്ന മൂഴയില്‍ ലക്കി സെൻററില്‍ നിന്ന് വില്പനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ 15ന് നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി 125ന്റെ നാല് സീരിയലുകളിലെ ഒരേ നമ്പറിലുള്ള ടിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
18ന് ഹെല്‍മറ്റും, മാസ്ക്കും ധരിച്ച് സ്കൂട്ടറിലെത്തിയ ആളാണ് പണം തട്ടിയത്. മൊബൈല്‍ ആപ്പില്‍ ടിക്കറ്റുകള്‍ സ്കാനിങിന് വിധേയമാക്കിയപ്പോള്‍ സമ്മാനത്തുക കാണിച്ചിരുന്നു. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായത്. കടയിലെ സി.സി ടിവി കാമറയില്‍ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ് ടിക്കറ്റിലും സമ്മാനത്തുക കാണിക്കുന്നത് ടിക്കറ്റ് അച്ചടിയിലെ സുരക്ഷാ മാര്‍ക്കുകളുടെ അപാകതയാെണന്നും ഇതിന് പരിഹാരം കാണണമെന്നും ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂനിയന്‍ എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.എം. പരമേശ്വരനും സെക്രട്ടറി ജോയ് കാക്കശ്ശേരിയും ലോട്ടറി ഡയറക്ടർക്കും പൊലീസിനും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.