നിക്ഷേപത്തട്ടിപ്പ്; പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം
text_fieldsകാലടി: ഭരണസമിതി അംഗങ്ങൾ ചേര്‍ന്ന് 100 കോടിയുടെ തട്ടിപ്പ് നടത്തിയ അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിന് കീഴിലെ കൊറ്റമം ശാഖയില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതികൾ അട്ടിമറിക്കാന്‍ കാലടി പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് നിക്ഷേപക കൂട്ടായ്മ അര്‍ബന്‍ സഹകരണ സംരക്ഷണ സമിതി റൂറല്‍ എസ്.പി എം. ഹേമലതക്ക് പരാതി നൽകി.
ശാഖയില്‍ പണം നിക്ഷേപിച്ച നിരവധിയാളുകളുടെ പണം നഷ്ടപ്പെട്ട പരാതികള്‍ സ്റ്റേഷനില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടും പലതിലും എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചില എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 20 മാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിക്ഷേപകരുടെ പരാതിയിൽ കാലടി പൊലീസ് ഓരോ കേസിലും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും പൊലീസ് ആസ്ഥാനം വഴി ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യുന്നതില്‍ പരാജയപ്പെടുകയും വീഴ്ച വരുത്തുകയും ചെയ്തു.
ബഡ്സ് ആക്ട് മാത്രമേ ഈ കേസില്‍ ബാധകമാകൂ എന്നും എഫ്.എ.ഡിക്ക് നീക്കം നടക്കുന്നുണ്ടെന്നുമാണ് പൊലീസ് വാദിക്കുന്നത്, അതിനാല്‍ കേസുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ നിയമിച്ച റെഗുലേറ്ററാണ് പരാതി ഫയല്‍ ചെയ്യേണ്ടതെന്ന് സെക്ഷന്‍ 27 വ്യവസ്ഥ ചെയ്യുന്നു. വഞ്ചിക്കപ്പെട്ട് നിക്ഷേപകരില്‍നിന്ന് ലഭിക്കുന്ന എല്ലാ പരാതികളിലും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിർദേശം നൽകണമെന്നും പരാതിയിലുണ്ട്.