റമദാൻ നോമ്പ് അനുഷ്ഠാനം ശീലമാക്കി ഡോ.ഷെമീലി
text_fieldsഡോ.ഷെമീലി പി.ജോൺ
കാലടി: ഈ വർഷവും മുടങ്ങാതെ റമദാൻ വ്രതമനുഷ്ഠിച്ച് അധ്യാപികയായ ഡോ.ഷെമീലി പി.ജോൺ. ബഹ്റൈനിലെ യൂനിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈനിൽ, ഹെഡ് ഓഫ് ജനറൽ സ്റ്റഡീസിലാണ് ഡോ. ഷെമീലി ജോലി ചെയ്യുന്നത്. തുടർച്ചയായി എട്ടാം വർഷമാണ് നോമ്പ് എടുക്കുന്നത്. ഗൾഫ് റീജനിലെ ഉന്നത സ്കൂളിന്റെ ഭരണ കമ്മിറ്റിയിൽ സെക്രട്ടറി ആയിരുന്നപ്പോൾ ഒരു കാമ്പസ് സന്ദർശനത്തിന് പോയപ്പോൾ ആണ് നോയമ്പ് നോക്കുന്നതിന് കാരണമായതെന്ന് ഇടുക്കി കുമളി സ്വദേശിനിയായ ഈ അധ്യാപിക പറഞ്ഞു.
നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു കുഞ്ഞ് ക്ലാസിന്റെ പുറത്തു നിൽക്കുകയും മറ്റ് കുട്ടികൾ ക്ലാസ് മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കണ്ടു. കൂടെയുള്ളവരോട് കാര്യം തിരക്കിയപ്പോഴാണ് കുഞ്ഞിന് റമദാൻ നോമ്പാണെന്ന് അറിഞ്ഞത്. ആ ദിവസം മുതലാണ് നോമ്പ് എടുക്കണമെന്ന ആഗ്രഹം തോന്നിയത്. തൊടുപുഴ സ്വദേശിയുമായുള്ള വിവാഹത്തിന് ശേഷമാണ് ഗൾഫ് ജീവിതം തുടങ്ങിയത്. ഈ സമയം കോളജിൽ ജോലി കിട്ടുകയും ചെയ്തു. അല അൽബി എന്ന കൺസ്ട്രക്ഷൻ കമ്പനിയും സ്വന്തമായിട്ടുണ്ട്. ബഹ്റൈനിൽ അമ്പത് ശതമാനത്തോളം വിവിധ സമുദായങ്ങളിൽപ്പെട്ട മലയാളികൾ ഉണ്ട്. ഒരു കുടുംബം പോലെയാണ് എല്ലാവരും ഇവിടെ കഴിയുന്നത്. മിക്ക ദിവസങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങൾ നടത്താറുണ്ട്.
മിക്ക കൂടിച്ചേരലുകളും ലേബർ ക്യാമ്പുകളിൽ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് നടക്കുന്നത്. ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തിന്റെ പ്രകടനമാണ് നോമ്പ് കാലം. വിശപ്പിന്റെയും ദാഹത്തിന്റെയും തീവ്രത അറിയാനും ഒരാളും വേദനിക്കരുതെന്നുള്ള സമർപ്പണം കൂടിയാണ് ഈ പുണ്യമാസമെന്നും ഡോ.ഷെമീലി പി.ജോൺ. പറയുന്നു.