കാലടി സര്‍വകലാശാല തെരഞ്ഞെടുപ്പിനിടെ സംഘർഷം
text_fieldsകാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കാമ്പസ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എ.ബി.വി.പി സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ കാമ്പസിനകത്ത് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ആയിരുന്നു സംഘര്‍ഷം.
എ.ബി.വി.പിയുടെ കൊടിതോരണങ്ങള്‍ എസ്.എഫ്.ഐ നശിപ്പിച്ചതോടെ എസ്.എഫ്.ഐയുടെ ഫ്ലക്സുകള്‍ എ.ബി.വി.പിയും നശിപ്പിച്ചു. പൊലീസ് നോക്കിനിൽക്കെ ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റ എ.ബി.വി.പി യൂനിറ്റ് സെക്രട്ടറി അശ്വിന്, ഉജ്വല്‍, നിവേദിത, ആദിനാഥ് തുടങ്ങിയവര്‍ ചികിത്സ തേടി.
കാമ്പസിന് പുറത്ത് നിന്നുള്ളവരും സംഘർഷത്തിൽ ഉണ്ടായിരുന്നതായി ഇരുപക്ഷവും ആരോപിച്ചു. രണ്ട് സംഘടനകളുടെ പരാതിയിലും കേസ് എടുത്തതായി സി.ഐ അനില്‍ കുമാര്‍ ടി. മേപ്പിള്ളി പറഞ്ഞു.


