ഈ സർവകലാശാലക്കിതെന്തു പറ്റി?
text_fieldsകാലടി: ഇന്ത്യകണ്ട മഹാദാർശനികരിൽ ഒരാളായ ശ്രീശങ്കരാചാര്യരുടെ നാമധേയത്തിൽ ആരംഭിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പ്രതിവർഷം വിദ്യാർഥികളുടെ എണ്ണത്തില്‍ വൻ കുറവ്. ഇത് സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും അധികൃതരും.
ആയിരത്തോളം മാത്രം വരുന്ന വിദ്യാർഥികളെ പഠിപ്പിക്കാന്‍ 277 അധ്യാപകരും നൂറോളം ഗെസ്റ്റ് അധ്യാപകരുമാണുള്ളത്. 50,000 മുതല്‍ രണ്ടര ലക്ഷംവരെ ശമ്പളം വാങ്ങുന്നവര്‍ ഇവിടെയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി പല മാസങ്ങളും ശമ്പളം വൈകുന്ന അവസ്ഥയിലേക്ക് സര്‍വകലാശാല എത്തിയെന്ന് അധികൃതര്‍ പറയുന്നു.
അധ്യാപകർ ഒട്ടേറെ; വിദ്യാർഥികൾ കുറവ്
സർവകലാശാലയിൽ ആകെ 24 ഡിപ്പാര്ട്ട്മെന്റാണുള്ളത്. കൂടാതെ ആറ് പഠന കേന്ദ്രങ്ങളുടെ കീഴില്‍ കൂടി കോഴ്സുകളുണ്ട്. മുഖ്യകാമ്പസ് കൂടാതെ പയ്യന്നൂര്‍, കൊയിലാണ്ടി, തിരൂര്‍, ഏറ്റുമാനൂര്‍, പന്മന, തിരുവനന്തപുരം എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. മുമ്പ് തിരുവല്ല, തുറവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും കാമ്പസുകള്‍ ഉണ്ടായിരുന്നു. പി.ജി, പി.ജി ഡിപ്ലോമ, യു.ജി, ഡിപ്ലോമ തലങ്ങളിലായി ആകെ 35 കോഴ്സാണുള്ളത്.
28 പി.ജി കോഴ്സും രണ്ട് പി.ജി ഡിപ്ലോമ കോഴ്സും ഒരു ഡിപ്ലോമ കോഴ്സും നാല് യു.ജി കോഴ്സുമാണ് നിലവിലുള്ളത്. പുതിയ നാല് വര്‍ഷ ബിരുദ പ്രോഗ്രാമില്‍ പഠിക്കാന്‍ കുട്ടികള്‍ കുറവാണ്. ഭൂരിഭാഗം പി.ജി കോഴ്സുകളിലും പത്തില്‍ താഴെ വിദ്യാർഥികള്‍ മാത്രമാണുള്ളത്. സോഷ്യല്‍ വര്‍ക്ക്, ഫൈന്‍ ആര്‍ട്സ്, ഡാന്‍സ്, മ്യൂസിക്, ഹിസ്റ്ററി, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളില്‍ മാത്രമാണ് പഠിക്കാന്‍ കുറെയെങ്കിലും കുട്ടികളുള്ളത്.
ഫിലോസഫി വിഭാഗത്തില്‍ 10 സ്ഥിരം അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ ആകെ കുട്ടികള്‍ പത്തില്‍ താഴെ മാത്രമാണുള്ളത്. രണ്ട് പ്രഫസര്‍മാരും ഒരു അസോ.പ്രഫസറും ഏഴ് അസി. പ്രഫസര്‍മാരും കൂടാതെ 10 ഗെസ്റ്റ് ലെക്ചറർമാര്‍ വേറെയുമുണ്ട്. സംസ്കൃതത്തില്‍ ആകെ അഞ്ച് ഡിപ്പാര്ട്ട്മെന്റാണുള്ളത്. സര്‍വകലാശാല പ്രസിദ്ധീകരിച്ച 2025ലെ ഹാന്‍ഡ് ബുക്ക് പ്രകാരം അഞ്ച് ഡിപ്പാര്ട്ട്മെന്റിലുമായി ആകെ 63 അധ്യാപകരുണ്ട്.
കൂടാതെ 40ല്‍ അധികം ഗെസ്റ്റ് ലെക്ചറര്‍മാര്‍ സംസ്കൃതത്തില്‍ മാത്രമായുണ്ട്. എന്നാല്‍, ഈ അഞ്ച് ഡിപ്പാര്ട്ട്മെന്റിലുമായി എല്ലാ കാമ്പസുകളിലുമായി ആകെ സംസ്കൃതം പഠിക്കാന്‍ 100 കുട്ടികള്‍ ഇല്ല. ആകെ 150 സ്ഥിരം അധ്യാപകരുണ്ട്. ഇവരില്‍ 56 പേര് പ്രഫസര്‍മാരാണ്. ഒരു പ്രഫസറുടെ പ്രതിമാസ ശമ്പളം രണ്ട് ലക്ഷത്തിലധികമാണ്. കഴിഞ്ഞ വര്‍ഷം ജോലി ചെയ്ത ഗെസ്റ്റ് അധ്യാപകരുടെ എണ്ണം സര്‍വകലാശാലയുടെ പിരിച്ചുവിടല്‍ ഉത്തരവ് പ്രകാരം 127 ആണ്.
ഗെസ്റ്റ് അധ്യാപകരുടെ എണ്ണം ഇതിലും കൂടുതലാണ്. 270 അനധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ഒരു മാസം ശമ്പള ഇനത്തില്‍ മാത്രം സര്‍വകലാശാല ചെലവഴിക്കുന്നത് എട്ടു കോടിയിലധികമാണ്. നിയന്ത്രണത്തിനായി വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും രജിസ്ട്രാറും ഫിനാന്‍സ് ഓഫിസറുമുണ്ട്. 16 അംഗ സിന്ഡിക്കേറ്റുമുണ്ട്. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ നാല് സ്റ്റാറ്റ്യൂട്ടറി ഓഫിസര്‍മാരും 16 അംഗ സിന്‍ഡിക്കേറ്റും അറുനൂറോളം ജീവനക്കാരാണ് 1000 വിദ്യാർഥികള്‍ക്ക് മാത്രമായുള്ളത്.
കുറയാൻ കാരണമെന്ത്?
അമിതമായ രാഷ്ട്രീയവും കുത്തഴിഞ്ഞ കാമ്പസ് സംവിധാനങ്ങളുമാണ് കുട്ടികളെ ഇവിടെ പഠനത്തിന് വിടാന്‍ രക്ഷാകര്ത്താക്കള് മടിക്കുന്നതെന്നാണ് സൂചന. ഹോസ്റ്റൽ സുരക്ഷയും അച്ചടക്കവും ഉൾപ്പെടെ പലപ്പോഴും നടപ്പാകുന്നില്ല. ആർക്കും എപ്പോഴും കയറി വരാവുന്ന സാഹചര്യമാണുള്ളത്.
കാമ്പസിലേക്ക് രാത്രി അപരിചിത വാഹനങ്ങളും അപരിചിതരും വരുന്നതും തമ്പടിക്കുന്നതും ഹോസ്റ്റലിൽ വിദ്യാർഥികളല്ലാത്തവർ താമസിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ ഇതിനെല്ലാം തടയിടാനും പുതിയൊരു കലാലയ അന്തരീക്ഷം സൃഷ്ടിക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് സർവകലാശാല പുതിയ സർക്കുലർ ഇറക്കിയത്.
വിവാദങ്ങൾക്കിടെ ഇന്ന് സിൻഡിക്കേറ്റ് യോഗം
സംസ്കൃത സർവകലാശാലയിൽ അച്ചടക്കം പാലിക്കുന്നതിനായി ഇറക്കിയ ഉത്തരവിനെ തുടർന്ന് വിവാദങ്ങളും പ്രതിഷേധവും പുകയുന്നതിനിടെ തിങ്കളാഴ്ച സിൻഡിക്കേറ്റ് യോഗം ചേരും. സർക്കുലർ ഇറക്കിയതിനു പിന്നാലെ വിദ്യാർഥികളിൽ നിന്നുയർന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ രാവിലെ സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളുമായും സമരത്തിലുള്ള വിദ്യാർഥി സംഘടന പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
തുടർന്നാണ് സിൻഡിക്കേറ്റ് യോഗം ചേരുക. വിദ്യാർഥി സംഘടനകൾ നൽകിയ പരാതികൾ പരിഗണിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഉത്തരവിനെതിരെ നടക്കുന്ന സമരം അനാവശ്യമാണെന്നും കാമ്പസിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നുമുള്ള നിലപാടാണ് സർവകലാശാലയുടേത്.