സംസ്കൃത, സാഹിത്യ വിഭാഗങ്ങൾ തമ്മിൽ തർക്കം; സംസ്കൃത സർവകലാശാലയിൽ അധ്യാപക ഇന്റർവ്യൂ മാറ്റിവെച്ചു
text_fieldsശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃത വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതം ജനറല്‍ വിഭാഗവും സാഹിത്യ വിഭാഗവും തമ്മിലുള്ള വടംവലിയില്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഗെസറ്റ് അധ്യാപക ഇന്റര്‍വ്യൂ മാറ്റിവെച്ചു. സംസ്കൃത വിഭാഗം വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് കൂടിക്കാഴ്ച മാറ്റിയത്.
ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെടാത്ത സംസ്കൃതം സാഹിത്യത്തില്‍ ബിരുദാനന്തരബിരുദധാരികളായ രണ്ട് ഉദ്യോഗാർഥികള്‍ക്ക് വേണ്ടിയുള്ള നിയമവിരുദ്ധമായ ഇന്റര്വ്യൂവാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നേരത്തെ നടത്തിയ ഇന്റര്‍വ്യൂവിലെ റാങ്ക് പട്ടികയിലുള്ളവരെ തഴയുന്നതായും അനധികൃത നിയമനങ്ങളാണ് നടത്താന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ച് ഈ വിഭാഗങ്ങളില വിദ്യാർഥികള്‍ പ്രതിഷേധവും നടത്തി.
ഈ രണ്ട് ഉദ്യോഗാർഥികളില്‍ ഒരാള്‍ മഞ്ചേരി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലും രണ്ടാമത്തെ ഉദ്യോഗാര്‍ഥി സര്‍വകലാശാലയുടെ കൊയിലാണ്ടി റീജനല്‍ സെന്ററില്‍ സാഹിത്യ വിഭാഗത്തിലും താൽക്കാലിക അധ്യാപകരായി ജോലിയില്‍ പ്രവേശിച്ചിരുന്നു.
പൂർവ വിദ്യാർഥികളും ഉദ്യോഗാർഥികളും ചാന്‍സലര്‍ കൂടിയായ ഗവർണര്‍ക്ക് പരാതിയും നൽകി. 2021ലെ സംസ്കൃതം ജനറല്‍ അധ്യാപക നിയമനത്തില്‍ സ്ക്രീനിങ് കമ്മിറ്റി തള്ളിയവരെ അന്നത്തെ വൈസ് ചാന്‍സലര്‍ (മുന്‍ സംസ്കൃത സാഹിത്യ വിഭാഗം മേധാവി) അനധികൃതമായി ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കുകയും സംസ്കൃതം ജനറലില്‍ ബിരുദാനന്തരബിരുദം നേടിയ 31 പേരെ ഒഴിവാക്കി സംസ്കൃതം സാഹിത്യത്തിലെ രണ്ടുപേരെയും വേദാന്തത്തിലെ ഒരാളെയും അന്ന് നിയമിച്ചു. ഇതിനെതിരെ അന്ന് ഉദ്യോഗാർഥിയായ ഡോ. കെ.എസ്. സേതുലക്ഷ്മി കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മേയ് 29ന് നടന്ന ഇന്റര്‍വ്യൂവിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാല തയാറാകുന്നില്ല.
സംസ്കൃതം ജനറല്‍ വിഭാഗത്തിന്റെ അലൈഡ് സബ്ജക്ടാണ് സാഹിത്യം എന്ന വാദമാണ് ഡീന്‍, സിന്‍ഡിക്കേറ്റ് അംഗം എന്നിവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സര്‍വകലാശാല നല്കിയ വിവരാവകാശരേഖ പ്രകാരം സംസ്കൃതം ജനറലിന്റെ അലൈഡ് സബ്ജക്ടായി നിലവിലെ മറ്റ് സംസ്കൃത വിഭാഗങ്ങളെ അംഗീകരിച്ചതായി കാണുന്നില്ല.
അധികാര ദുര്‍വിനിയോഗം നടത്തി സംസ്കൃതം ജനറല്‍ വിഭാഗത്തില്‍ സ്ഥിരനിയമനം നേടിയവരുടെ നിയമന നടപടികള്‍ പുനഃപരിശോധിക്കണം. ഹൈകോടതി ഉത്തരവനുസരിച്ച് സംസ്കൃതം ജനറല്‍, സംസ്കൃതം സാഹിത്യം എന്നിവ രണ്ട് വിഭാഗങ്ങളായിതന്നെ നിലനില്‍ക്കെ സാഹിത്യത്തില്‍ പി.ജിയുള്ള ഉദ്യോഗാർഥികളെ ഇന്റര്‍വ്യൂവിന് പരിഗണിക്കുന്നത് സംസ്കൃതം ജനറല്‍ വിദ്യാർഥികളോടും ഉദ്യോഗാർഥികളോടും നിയമവ്യവസ്ഥയോടും കാണിക്കുന്ന അനീതിയാണെന്നാണ് ആരോപണം.