എറണാകുളം മെഡി. കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം മൂന്നിന്
text_fieldsഉദ്ഘാടനത്തിനൊരുങ്ങുന്ന എറണാകുളം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്
കളമശ്ശേരി: ഗവ. മെഡി. കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.
മെഡി. കോളജിൽ നിർമാണം പൂർത്തിയാക്കിയ ബ്ലോക്ക് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ജനാരോഗ്യ മേഖലയിൽ മെഡി. കോളജ് എന്നത് സംസ്ഥാന രൂപവത്കരണം മുതൽ ഈ മേഖലയുടെ സ്വപ്നമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ ആദ്യം ആരംഭിച്ച മെഡി. കോളജ് പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 2016ൽ ചുമതലയേറ്റ സർക്കാരാണ് തസ്തികൾ സൃഷ്ടിച്ച് തുടർനടപടികൾ മുന്നോട്ടു കൊണ്ടുപോയത്.
കിഫ്ബിയുടെ പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. 286.66 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 16 ഓപറേഷൻ തീയേറ്ററുകൾ, 842 ബെഡുകൾ, നിയോനാറ്റോളജി, ആധുനിക ലേബർ റൂം, സ്കാനിങ്, എക്സറേ തുടങ്ങിയവക്കുള്ള ആധുനിക മെഷീനുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കുന്നത്. വാഹനാപകടങ്ങൾ കൂടുതലാണെങ്കിലും ന്യൂറോ സർജറിക്കും മറ്റു അത്യാഹിത ചികിത്സക്കുള്ള സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമായിരുന്നില്ല. പുതിയ ബ്ലോക്ക് വരുന്നതോടെ ആ കുറവുകൾ പരിഹരിക്കപ്പെടും.
90 തസ്തികകൾ സർക്കാർ മെഡി. കോളജിൽ പുതുതായി സൃഷ്ടിച്ചു. കാർഡിയോ വാസ്കുലാർ ഉൾപ്പെടെയുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. കോസ്മെറ്റോളജി, വൈറോളജി തുടങ്ങിയ വിഭാഗങ്ങൾക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്. ന്യൂറോ സർജറി, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോ തൊറാസിക് സർജറി, പീഡിയാട്രിക് സർജറി, യൂറോളജി, നെഫ്രോളജി, ട്രാൻസ് ലൻഡ് സർവിസസ്, ഡയാലിസിസ് യൂനിറ്റുകൾ, ക്രിട്ടിക്കൽ കെയർ സർവിസുകൾ തുടങ്ങിയ വിഭാഗങ്ങൾ സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിലുണ്ടാകും. റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്മെന്റ്, പതോളജി- മൈക്രോബയോളജി-ബയോകെമിസ്ട്രി ലാബുകൾ, ഡയാലിസിസ് യൂനിറ്റുകൾ, തുടങ്ങിയവയും ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
18 ലിഫ്റ്റുകൾ, 715 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ആർ.ഒ പ്ലാന്റ്, ജല ലഭ്യതക്കുള്ള സൗകര്യം തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.


