അമിത ശബ്ദം;എയർ ഹോണുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
text_fieldsകളമശ്ശേരിയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ
പരിശോധനയിൽ പിടികൂടിയ ഹോണുകൾ
കളമശ്ശേരി: വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടി. കളമശ്ശേരിയിൽ വല്ലാർപാടം പാതയിൽ നടത്തിയ പരിശോധനയിലാണ് ഹോണുകൾ പിടികൂടിയത്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് രണ്ട് ദിവസമായി ജില്ലയിൽ നടത്തുന്ന പരിശോധനയിൽ ചൊവ്വാഴ്ച മാത്രം 20ഓളം വാഹനങ്ങളിൽനിന്ന് ഹോൺ പിടിച്ചെടുത്തു. ആദ്യ ദിവസം 30 വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തിയിരുന്നു. ആറ് പൈപ്പുകൾ വരെ ഘടിപ്പിച്ചാണ് അമിത ശബ്ദം പുറപ്പെടുവിച്ച് വന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ ഹോണുകൾ ഘടിപ്പിച്ചതിൽ അധികവും. വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 2000 രൂപ വരെ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ വരെ ചുമത്തുമെന്നും കസ്റ്റഡിയിലെടുത്ത ഹോണുകൾ പിന്നീട് നശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.


