ഹരിതകർമസേന വാഹനത്തിന് തീപിടിച്ചു
text_fieldsകുസാറ്റ് റോഡിൽ ഹരിതകർമസേനയുടെ വാഹനത്തിന് തീപിടിച്ചപ്പോൾ
കളമശ്ശേരി: നഗരസഭ ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് ഓട്ടത്തിനിടെ തീപിടിച്ചു. ജീവനക്കാർ ചാടി രക്ഷപ്പെട്ടു. കുസാറ്റ് റോഡിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വെച്ചാണ് സംഭവം. തൃക്കാക്കര അമ്പലം വാർഡിൽനിന്ന് ജൈവ മാലിന്യം ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്ക് മടങ്ങും വഴി വാഹനത്തിന് തീപിടിക്കുകയായിരുന്നു.
ഡ്രൈവർ കാബിനു പിന്നിൽ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീപിടിച്ചത്. പിന്നിൽനിന്ന് ചൂട് അനുഭവപ്പെട്ടതോടെ തിരിഞ്ഞ് നോക്കുമ്പോൾ തീയും പുകയും ഉയരുന്നത് കണ്ടതോടെ ഡ്രൈവർ മുനീറും ഒപ്പമുണ്ടായിരുന്ന രമേഷ് രാജും ചാടിയിറങ്ങുകയായിരുന്നു. പിന്നാലെ തീയാളി പടർന്നു. വിവരമറിഞ്ഞ് ഏലൂർ, തൃക്കാക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി സംശയിക്കുന്നത്.