വി.പി. മരക്കാർ റോഡിൽ അനധികൃത പാർക്കിങ്; പൊറുതിമുട്ടി നാട്ടുകാർ
text_fieldsവി.പി. മരക്കാർ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട
ഇരുചക്ര വാഹനങ്ങൾ
കളമശ്ശേരി: കളമശ്ശേരിയിലേക്ക് എളുപ്പ മാർഗമായ വി.പി. മരക്കാർ റോഡിലെ അനധികൃത പാർക്കിങ് മൂലമുള്ള ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി ജനങ്ങൾ. ഇടപ്പള്ളി ടോളില്‍നിന്ന് വട്ടേക്കുന്നം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വഴി കളമശ്ശേരിയിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ് ഈ റോഡ്. ജനസാന്ദ്രതയേറിയ വട്ടേക്കുന്നം മുട്ടാർ പ്രദേശത്തെക്കുള്ള ഏക വഴിയും ഇതാണ്. രണ്ട് ദേശീയപാതകൾക്ക് സമാന്തരമായി പോകുന്ന റോഡായതിനാൽ നിരവധി ചെറുവാഹനങ്ങളാണ് എളുപ്പവഴി തേടി ഇതിലെ പോകുന്നത്.
രണ്ട് സിനിമ തിയറ്റർ, ഗോഡൗണുകൾ, ചെറുകിട സൂപ്പർമാർക്കറ്റുകൾ, ജ്വല്ലറി, അപ്പാർട്ട്മെന്റുകൾ, ലേബർ ക്യാമ്പുകൾ തുടങ്ങി പല സ്ഥാപനങ്ങളിലേക്കുമുള്ള പ്രധാന വഴിയാണിത്. എന്നാൽ, കൈയേറ്റങ്ങൾകൊണ്ട് വീതി കുറഞ്ഞ റോഡിൽ സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ റോഡിലും നടപ്പാതയിലുമാണ് നിർത്തുന്നത്. സിനിമ തിയേറ്ററിലേക്കുള്ള വാഹനങ്ങളും ഗോഡൗണുകളിലേക്കുള്ള വാഹനങ്ങളും വരുന്നതോടെ കാൽനട പോലും അസാധ്യമാകുന്ന രീതിയിലാണ് ഈ ഭാഗത്തെ വാഹനത്തിരക്ക്. നടപ്പാതയിലെ അനധികൃത പാർക്കിംഗ് നിരോധിക്കുകയാണ് ഏക പരിഹാരമാർഗമായി ചൂണ്ടിക്കാട്ടുന്നത്.